Alappuzha local

കഞ്ഞിക്കുഴിയിലെ കര്‍ഷകര്‍ക്ക് നെല്‍കൃഷിയിലും നൂറുമേനി

മണ്ണഞ്ചേരി: ഹരിത വിപ്ലവത്തിന് പെരുമ നേടിയ കഞ്ഞിക്കുഴിയിലെ കര്‍ഷകര്‍ നെല്‍ കൃഷിയിലും നൂറുമേനി വിളവ് കൊയ്തു. 150 ഏക്കറോളം വിസ്തൃതിയുള്ള ചാലുങ്കല്‍ പാടത്ത് വിതച്ച വിരുപ്പ് മുണ്ടകനാണ് നൂറുമേനി കൊയ്തത്. വിരിപ്പും മുണ്ടകനും നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് മേടമാസത്തിലാണ് വിതനടത്തിയത്. കന്നിയില്‍ വിരുപ്പും മകരത്തില്‍ മുണ്ടകനും കൊയ്തു. അപൂര്‍വ്വമായി മാത്രം നടത്തിപോരുന്ന ഒരു വിതയില്‍ രണ്ട് കൊയ്ത്ത് എന്ന പരമ്പരാഗത കൃഷി രീതിയാണ് ഇവിടെ അവലംബിച്ചത്.
പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെയാണ് വിളവിറക്കിയത്. വിതമുതല്‍ കൊയ്ത്തുവരേയുള്ള പ്രവര്‍ത്തനങ്ങള്‍ കര്‍ഷക സമിതി നടത്തിയപ്പോള്‍ നിലമുടമകള്‍ക്ക് ഒന്നും അറിയേണ്ടിവന്നില്ല. കൊയ്‌തെടുത്ത നെല്ലും വൈക്കോലും വീടുകളിലേയ്ക്ക് കൊണ്ടുപോയാല്‍ മതി. പിന്നീട് കൃഷിവകുപ്പിന്റെ നെല്‍കൃഷിയ്ക്കുള്ള ബോണസ് ഇവരുടെ ബാങ്ക് അക്കൗണ്ടിലെത്തും.
കാല്‍നൂറ്റാണ്ടിലേറെയായി വിളവിറക്കാതെ തരിശായി കിടന്നിരുന്ന ചാലുങ്കല്‍പാടത്ത് 2013-ലാണ് നെല്‍കൃഷി പുനരാരംഭിച്ചത്. ചാണകം, എല്ലുപൊട്, കോഴിവളം തുടങ്ങിയ ജൈവവള പ്രയോഗമാണ് കൃഷിയ്ക്ക് ഉപയോഗിച്ചത്. വിളവെടുപ്പ് നാടിനും കര്‍ഷകര്‍ക്കും ഉല്‍സവമായി. പി തിലോത്തമന്‍ എംഎ ല്‍എ ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം ജി രാജു അധ്യക്ഷത വഹിച്ചു.
ജമീലപുരുഷോത്തമന്‍,—ആര്‍ വിജയകുമാരി, ടി രാജീവ്, അഡ്വ. എം സന്തോഷ്‌കുമാര്‍, ജി വി റെജി, ടി ജി സോമശേഖരന്‍നായര്‍, കെ ഹരിദാസ്, എന്‍ രവീന്ദ്രമേനോന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it