Flash News

കഞ്ചിക്കോട് കോച്ച് ഫാക്ടറി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം: കോടിയേരി



പാലക്കാട്/തിരുവനന്തപുരം: പാലക്കാട് കോച്ച് ഫാക്ടറി ഹരിയാനയിലേക്ക് മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. 2008ലെ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിക്കുകയും, 2012ല്‍ തറക്കല്ലിടുകയും ചെയ്ത കഞ്ചിക്കോട് കോച്ച് ഫാക്ടറി ആരംഭിക്കാതെ ഹരിയാനയിലേക്ക് മാറ്റാനുള്ള ഗൂഢനീക്കമാണ് കേന്ദ്ര-ബിജെപി സര്‍ക്കാര്‍ നടത്തുന്നത്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ വ്യവസായ വികസനം പാടില്ലെന്ന സങ്കുചിത രാഷ്ട്രീയ താല്‍പര്യമാവാം ഹരിയാനയിലേക്ക് കോച്ച് ഫാക്ടറി കടത്തുന്നതിന് പിന്നില്‍. കോച്ച് ഫാക്ടറിക്കായി  സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയ 324 ഏക്കര്‍ കാടുപിടിച്ചു കിടക്കുകയാണ്. പദ്ധതി പ്രഖ്യാപിച്ചതു മുതല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ഇതിനെതിരായ സമീപനമാണ് സ്വീകരിച്ചിരുന്നത്. യുപിഎ സര്‍ക്കാരിന്റെ അതേസമീപനം തന്നെയാണ് എന്‍ഡിഎ സര്‍ക്കാരും സ്വീകരിക്കുന്നത്. സങ്കുചിത രാഷ്ട്രീയം മാറ്റിവച്ച് കേരളത്തിലെ വികസനത്തിന് മുതല്‍ക്കൂട്ടാവുന്ന പാലക്കാട് കോച്ച് ഫാക്ടറി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ആരംഭിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. അതേസമയം,  സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും സഹായത്തോടെ കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കുന്നതിന് ബദല്‍ സാധ്യത കണ്ടെത്തുമെന്ന് എം ബി രാജേഷ് എംപി പാലക്കാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്വകാര്യ പങ്കാളികള്‍ കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനവുമായി മുന്നോട്ട് വന്നിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല സമീപനമില്ലാത്തതാണ് തടസ്സമായി നില്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്ഥലം ഏറ്റെടുത്ത കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി പാതി വഴി  ഉപേക്ഷിച്ച് മറ്റൊരു പദ്ധതിക്ക് പിറകെ കേന്ദ്രസര്‍ക്കാര്‍ പോവുന്നത് കേരളത്തോടുള്ള കേന്ദ്ര അവഗണനയെയാണ് സൂചിപ്പിക്കുന്നത്. ഹരിയാനയിലെ സോനിപത്തില്‍ കോച്ച് ഫാക്ടറി സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോയാലും കോച്ച് ഫാക്ടറി യഥാര്‍ഥ്യമാക്കുന്നതിന് മുന്നോട്ട് പോവും. ഇതിനുവേണ്ടി എല്ലാ സാധ്യതകളും ആരായും. പാലക്കാട് നഗരസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കഞ്ചിക്കോട് കോച്ച് ഫാക്ടറി പ്രചരണായുധമാക്കിയാണ് ജനങ്ങളെ സമീപിച്ചത്. 145 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചുവെന്ന ഫള്ക്‌സ് ബോര്‍ഡും പ്രചാരണത്തിന് വച്ചിരുന്നു. യഥാര്‍ഥത്തില്‍ 10 ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. നിലവിലെ സാഹചര്യത്തില്‍ വ്യാജ പ്രചാരണം നടത്തി ജനങ്ങളെ വഞ്ചിച്ച ബിജെപി ജനങ്ങളോട് മാപ്പ് പറയണം. കോച്ച് ഫാക്ടറിക്കായി എംപി  ഒന്നും ചെയ്തില്ലെന്ന ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന അപഹാസ്യമാണ്. ഇത്തരം പ്രസ്താവന നടത്തുന്നതിന് മുമ്പ് മുന്‍ കേന്ദ്രമന്തിയായിരുന്ന എ കെ ആന്റണിയോട് കാര്യങ്ങള്‍ ചോദിച്ചിരുന്നുവെങ്കില്‍ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it