Flash News

കഞ്ചാവ് ഹബ്ബായി കൊച്ചി

കൊച്ചി: സംസ്ഥാനത്തിന്റെ കഞ്ചാവ്-മയക്കുമരുന്ന് ഹബ്ബായി കൊച്ചി മാറുന്നതായി റിപോര്‍ട്ടുകള്‍. വന്‍തോതില്‍ കഞ്ചാവ് കൊച്ചിയിലെത്തിച്ച് സംസ്ഥാനത്തിന്റെ പുറത്തേക്ക് കടത്തുന്നതായി സൂചന. അത്യാധുനിക പാക്കറ്റിലെത്തിക്കുന്ന കഞ്ചാവ് ആന്ധ്രയില്‍നിന്ന് തേനി വഴിയാണ് കൊച്ചിയിലെത്തിക്കുന്നത്. തേനിയില്‍ നിന്നാണ് കഞ്ചാവ് കിലോക്കണക്കിനു തിരിച്ച് ആധുനിക രീതിയിലുള്ള പാക്കറ്റിലേക്കു മാറ്റുന്നത്. അടുത്തിടെ കൊച്ചിയില്‍ കഞ്ചാവുമായി പിടിക്കപ്പെട്ടവരില്‍ ഏറെയും ഇതരസംസ്ഥാന സ്വദേശികളാണ്. ഇവരില്‍ ഏറിയപങ്കും തേനിയില്‍നിന്നുള്ളവരാണെന്ന് അന്വേഷണസംഘം സാക്ഷ്യപ്പെടുത്തുന്നു.
ആന്ധ്രയില്‍ വിശാഖപട്ടണം, ഈസ്റ്റ് ഗോദാവരി എന്നിവിടങ്ങളിലാണ് പ്രധാനമായും കഞ്ചാവുകൃഷി നടക്കുന്നത്. വിളവെടുത്ത് സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റുന്നു. താരതമ്യേന പരിശോധനകളും നിയന്ത്രണങ്ങളും കുറഞ്ഞ ഇടമായതുകൊണ്ടാണ് കച്ചവടക്കാര്‍ തേനിയെ തിരഞ്ഞെടുക്കുന്നത്. ഇവിടെ വച്ചാണ് കഞ്ചാവ് മറ്റു രൂപങ്ങളിലേക്ക് മാറ്റുന്നത്. പച്ച കഞ്ചാവ് ഹൈഡ്രോളിക് മെഷീനില്‍ പ്രസ് ചെയ്ത് കട്ടകളാക്കുകയാണ് ഇപ്പോഴത്തെ രീതി. ശേഷം ഇവര്‍ക്കു മാത്രം അറിയാവുന്ന രഹസ്യമായ രീതിയില്‍ ഉണക്കും. അതിനു മീതെ കാര്‍ബണ്‍ പേപ്പര്‍ ഒട്ടിച്ച് മണം പുറത്തുവരാത്തവിധം ടേപ്പ് ഒട്ടിച്ച് പാക്കിങ് നടത്തുന്നു. ഇവിടെ നിന്ന് ഇടനിലക്കാര്‍ വഴി കൊച്ചിയിലെത്തിക്കും. വര്‍ഷങ്ങളായി ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന സംഘം തന്നെ തേനിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തേ റോഡ് മാര്‍ഗമായിരുന്നു സംസ്ഥാനത്തേക്കെത്തിച്ചിരുന്നത്. ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയതോടെ വനപ്രദേശങ്ങളിലൂടെ കാട്ടുപാത തിരഞ്ഞെടുത്താണ് കൊച്ചിയിലേക്കുള്ള യാത്ര. തേനിയില്‍ നിന്ന് തേക്കടി-കുമളി റൂട്ടിലൂടെ നേരെ കൊച്ചിയിലെത്തുകയാണു പതിവ്. ദീര്‍ഘദൂര ബസ്സുകളെയാണ് ഏറെയും ആശ്രയിക്കുക. ഇങ്ങനെ കൊച്ചിയില്‍ ലക്ഷ്യസ്ഥാനെത്തത്തിച്ചാല്‍ 10,000 രൂപ വരെ ഇടനിലക്കാരനു ലഭിക്കും.
കൊച്ചിയില്‍ സ്വകാര്യ ലോഡ്ജുകളും ഇതരസംസ്ഥാനക്കാരുടെ താമസകേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പന. മറൈന്‍ ഡ്രൈവ് ഉള്‍പ്പെടെ തിരക്കേറിയ പ്രദേശത്തു വച്ച് കഞ്ചാവ് കൈമാറ്റം ചെയ്യും. സ്ത്രീകളെയും ഇടനിലക്കാരായി ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ കൊച്ചിയില്‍ എത്തിക്കുന്ന കഞ്ചാവില്‍ ഏറിയപങ്കും ലക്ഷദ്വീപിലേക്കാണ് കടത്തുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇടനിലക്കാര്‍ തമ്മില്‍ കാര്യമായ ആശയവിനിമയങ്ങളില്ലാത്തത് അന്വേഷണസംഘത്തെ കുഴക്കുന്നു. എക്‌സൈസ് പരിശോധനകള്‍ കര്‍ശനമാക്കിയതോടെ ഇടക്കാലത്ത് കഞ്ചാവിന്റെ ഒഴുക്ക് ഗണ്യമായി കുറഞ്ഞെങ്കിലും പുത്തന്‍ രീതികളിലൂടെ വീണ്ടും കഞ്ചാവ് വില്‍പന ശക്തമായിരിക്കുകയാണ്.









Next Story

RELATED STORIES

Share it