Kollam Local

കഞ്ചാവ് സൂക്ഷിച്ച കേസ്; ദമ്പതികള്‍ക്ക് കഠിന തടവും പിഴയും

കൊല്ലം: കഞ്ചാവ് കൈവശം വച്ച കേസില്‍ ദമ്പതികള്‍ കോടതി കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. പത്താനാപുരം ഇടമുളക്കല്‍ ആയൂര്‍ അകമണ്‍ ലക്ഷം വീട് കോളനിയില്‍ സന്തോഷ് ഭവനില്‍ തുളസീധരന്‍(57), ഭാര്യ വിമലകുമാരി(47) എന്നിവരെയാണ് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി-നാല് ജഡ്ജി എഫ് അഷീദ ശിക്ഷ വിധിച്ചത്. വിമലകുമാരി ക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ഭര്‍ത്താവായ തുളസീധരന് അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. വിമലകുമാരി പിഴ ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മൂന്ന് വര്‍ഷം കഠിന തടവും തുളസീധരന്‍ പിഴ ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 18 മാസം കഠിന തടവും കൂടി അനുഭവിക്കേണ്ടിവരും.

േകസിന് ആധാരമായ സംഭവം നടന്നത് 2011 ഏപ്രില്‍ എട്ടിനാണ്. പത്തനാപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം റാബിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും പുനലൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള വെട്ടിപ്പുഴ പാലത്തിന് തെക്ക് വശം എക്‌സൈസ വാഹനത്തില്‍ കാത്തിരിക്കവെ വിമലകുമാരി ഒരു ബിഗ് ഷോപ്പറില്‍ 9.7 കിലോ കഞ്ചാവും തുളസീധരന്‍ ഒരു പ്ലാസ്റ്റിക് കവറിനുള്ളില്‍ രണ്ട് കിലോ കഞ്ചാവും കടത്തിക്കൊണ്ട് വന്നത് കണ്ട് എക്‌സൈസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. കേസിന്റെ അന്വേഷണം നടത്തി പ്രതികള്‍ക്കെതിരേ കംപ്ലെയിന്റ് കോടതിയില്‍ ഫയല്‍ ചെയ്തത് കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ആര്‍ ബാബുആണ്. ഒന്നാം പ്രതിയായ വിമലകുമാരി ഭര്‍ത്താവ് തുളസീധരനും ബന്ധുവായ സുരേഷ് ബാബുവിനൊപ്പം ആയൂര്‍ മാര്‍ക്കറ്റിനുള്ളില്‍ വിമലകുമാരിയുടെ പേരിലുള്ള കടയില്‍ കഞ്ചാവ് സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് 2006 ജൂണ്‍ 24ന് ഇവരെ പോലിസ് അറസ്റ്റ് ചെയ്യുകയും ഈ കേസില്‍ വിമലകുമാരിയെ 10 വര്‍ഷം കഠിന തടവിന് ശിക്ഷിക്കുകയും തുളസീധരനെയും സുരേഷ് ബാബുവിനേയും കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയ്ക്കുകയും ചെയ്തിരുന്നു. മുന്‍ ശിക്ഷ ഉള്ളതിനാല്‍ യാതൊരു ദയയും വിമലകുമാരി അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധി ന്യായത്തില്‍ പറയുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് വീണ്ടും കഞ്ചാവ് കേസില്‍ എക്‌സൈസ് പിടികൂടിയത്.പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. കൊട്ടിയം എന്‍ അജിത് കുമാര്‍, അഡ്വ. ചാത്തന്നൂര്‍ എന്‍ ജയചന്ദ്രന്‍, അഡ്വ പി ശരണ്യ എന്നിവര്‍ കോടതിയില്‍ ഹാജരായി.
Next Story

RELATED STORIES

Share it