കഞ്ചാവ് വേട്ടയ്ക്കിടയില്‍ എക്‌സൈസ് ഓഫിസര്‍മാര്‍ക്ക് കുത്തേറ്റു

പൊന്നാനി: കഞ്ചാവ് വേട്ടക്കിടയില്‍ എക്‌സൈസ് ഓഫിസര്‍മാരെ കുത്തി പരിക്കേല്‍പിച്ച് പ്രതികള്‍ വിലങ്ങുമായി രക്ഷപ്പെട്ടു. ഒരാളെ പിടികൂടി. രക്ഷപ്പെട്ട പ്രതി മുര്‍ഷിദിനായി തിരച്ചില്‍ ഊര്‍ജിതമാക്കി. പൊന്നാനിയില്‍ കഞ്ചാവ് പ്രതികളെ പിടികൂടുന്നതിനിടയിലാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍, പ്രിവന്റീവ് ഓഫിസര്‍ ജാഫര്‍ എന്നിവര്‍ക്ക് കുത്തേറ്റത്. ഇവരെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.
പൊന്നാനി ഹാര്‍ബറില്‍ വില്‍പനയ്ക്കായി കഞ്ചാവ് പായ്ക്ക് ചെയ്യുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊന്നാനി റേഞ്ച് പാര്‍ട്ടി നടത്തിയ റെയ്ഡില്‍ കഞ്ചാവ് മൊത്തവിതരണക്കാരനായ സുല്‍ഫി, സഹായി മുര്‍ഷിദ് എന്നിവരില്‍ നിന്നു 4.415 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച സുല്‍ഫിയെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യനും പ്രിവന്റീവ് ഓഫിസര്‍ ജാഫറും ചേര്‍ന്നു ബലപ്രയോഗത്തിലൂടെ കീഴ്‌പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ പ്രതിയുടെ ഇടതു കൈയില്‍ കൈവിലങ്ങുമിട്ടു. ഇതിനിടെ പ്രതികള്‍ അരയില്‍ കരുതിയിരുന്ന കത്തിയെടുത്തു വീശി. ഒഴിഞ്ഞുമാറുന്നതിനിടെ തന്റെ കൈയില്‍ കുത്തേല്‍ക്കുകയായിരുന്നുവെന്ന് ജാഫര്‍ പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യനു വലതു കൈയിലും കുത്തേറ്റു. ഇതിനിടെ മുര്‍ഷിദ് കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു. എന്നാല്‍, സുല്‍ഫിയെ പിടികൂടി.
ഒരു വര്‍ഷം മുമ്പ് മറ്റൊരാളെ കുത്തിയ കേസില്‍ പ്രതിയാണ് സുല്‍ഫി. ശിക്ഷ കഴിഞ്ഞു രണ്ടാഴ്ച മുമ്പാണ് ഇറങ്ങിയത്. രക്ഷപ്പെട്ട മുര്‍ഷിദ് രണ്ടു ദിവസം മുമ്പാണ് കഞ്ചാവ് കേസില്‍ ജയില്‍വാസം കഴിഞ്ഞിറങ്ങിയത്. പ്രതിക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രിവന്റീവ് ഓഫിസര്‍ സുഗന്ധകുമാര്‍, സിഇഒമാരായ പി പി പ്രമോദ്, വി പി പ്രമോദ്, ഡ്രൈവര്‍ അപ്പുണ്ണി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.





Next Story

RELATED STORIES

Share it