Kottayam Local

കഞ്ചാവ് വില്‍പന വ്യാപകമാവുന്നു: ജില്ലാ വികസന സമിതി

കോട്ടയം: ജില്ലയിലെ വിവിധയിടങ്ങളില്‍ കഞ്ചാവ് വില്‍പന വ്യാപകമാവുന്നതായി ജില്ലാവികസന സമിതി. ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, തിരുനക്കര മൈതാനം, നാഗമ്പടം എന്നിവിടങ്ങളിലും സ്‌കൂളുകളുടെ പരിസരങ്ങളിലും കഞ്ചാവ് വില്‍പന വ്യാപകമായി നടക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി.
കഞ്ചാവ് വില്‍പന തടയുന്നതില്‍ എക്‌സൈസ്-പോലിസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാവികസന സമിതി നിര്‍ദേശിച്ചു. പരീക്ഷക്കാലം അടുത്തുവരുന്ന സാഹചര്യത്തില്‍ വൈദ്യുതി മുടക്കം വരുത്താതെ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി അധികൃതരോട് സമിതിയില്‍ മുഖ്യമന്ത്രിയുടെ പ്രതിനിധിയായ അഡ്വ. ഫില്‍സണ്‍ മാത്യു ആവശ്യപ്പെട്ടു. കലക്ടറേറ്റിലെ ഓഫിസുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും.
ഓരോ ഓഫിസിലും അനുവര്‍ത്തിച്ചിട്ടുള്ള ശുചിത്വ രീതികള്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പരിശോധിക്കും. ഓഫിസുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ടൗണ്‍ പ്ലാനിങ് ജില്ലാ ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്കും വാടകക്കാര്‍ക്കും നല്‍കാനുള്ള പണം 15 നകം നല്‍കണമെന്ന് ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
തരിശു ഭൂമിരഹിത കോട്ടയം പദ്ധതി ഏഴിന് പനച്ചിക്കാടും അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് ശുചിത്വം ഉറപ്പു വരുത്തുന്നതിനുളള പദ്ധതി 14നും തുടക്കം കുറിക്കും. മീനച്ചിലാറിന്റെ സംരക്ഷണവും ശുചിത്വവും ഉറപ്പുവരുത്തുന്നതിനുളള പ്രത്യേക പദ്ധതിക്ക് യോഗത്തില്‍ പങ്കെടുത്ത ഡോ. ജയരാജ് എംഎല്‍എ 'വേനല്‍തുള്ളി' എന്ന നാമകരണവും നടത്തി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എഡിഎം മോന്‍സി പി അലക്‌സാണ്ടര്‍, പ്ലാനിങ് ഓഫിസര്‍ ടെസ് പി മാത്യു, ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ ടി എം റഷീദ്, ഡെപ്യൂട്ടി കലക്ടര്‍ (ട്രെയിനി) ജയമോഹന്‍, വിവിധ വകുപ്പുകളുടെ മേലുദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it