palakkad local

കഞ്ചാവ് വില്‍പന: രണ്ടിടങ്ങളിലായി മൂന്നു പേര്‍ അറസ്റ്റില്‍



പാലക്കാട്: സംസ്ഥാന അതിര്‍ത്തി ചെക്‌പോസ്റ്റില്‍ എക്‌സൈസ് വീണ്ടും കഞ്ചാവ് പിടികൂടി. ആഡംബര കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചു കടത്തിയ രണ്ടു കിലോ കഞ്ചാവുമായി യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ തലപ്പിള്ളി സ്വദേശികളായ കോട്ടപ്പുറത്ത് അഭിജിത്ത്(20), എരുമപ്പെട്ടി കെ.പി. ഫൈസ്(26) എന്നിവരെയാണ് നാലു ലക്ഷം രൂപയിലധികം വിലമതിക്കുന്ന കഞ്ചാവുമായി പിടികൂടിയത്. സംസ്ഥാനത്തേക്കു കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണു പിടിയിലായവരെന്നും ഇതിനു മുന്‍പും സമാനമായ രീതിയില്‍ കഞ്ചാവു കടത്തിയെന്നും എക്‌സൈസ് പറഞ്ഞു. ചെക്‌പോസ്റ്റില്‍ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ വെട്ടിച്ചു വാഹനം കടന്നുപോയെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് സീറ്റിനടിയില്‍ കഞ്ചാവു കണ്ടെത്തിയത്. കര്‍ണാടക ഹൊസൂരില്‍ നിന്നു തൃശൂരിലെ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചുള്ള വില്‍പനയ്ക്കായാണ് ഇവ കൊണ്ടുപോയിരുന്നതെന്നു പ്രതികള്‍ മൊഴി നല്‍കി. ഇവരില്‍ അഭിജിത്ത് ബഹറിനില്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. അവധിക്കു നാട്ടിലെത്തിയ ഇയാള്‍ ലഹരി കടത്തു സംഘത്തോടപ്പം ചേര്‍ന്ന് കഞ്ചാവു കടത്താനെത്തുകയായിരുന്നെന്നും എക്‌സൈസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും  കസ്റ്റഡിയിലെടുത്തു. സിഐ സജീവ്കുമാര്‍ നമ്പ്യാര്‍, ഇന്‍സ്‌പെക്ടര്‍ വി പി അനൂപ്, പ്രിവന്റീവ് ഓഫിസര്‍മാരായ സജിത്ത്, ഹരീഷ്, ബി സന്തോഷ്‌കുമാര്‍, സിഇഒമാരായ സേതുനാഥ്, സുനേഷ്, മധു, ഗുരുവായൂരപ്പന്‍ എന്നിവരാണ് പരിശോധന നടത്തിയത്. ഒരാഴ്ച്ചയ്ക്കിടെ ആറു കിലോ കഞ്ചാവും ലക്ഷങ്ങളുടെ പുകയില ഉല്‍പന്നങ്ങളും എക്‌സൈസ് പിടികൂടി.മണ്ണാര്‍ക്കാട്: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 80 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി.കാഞ്ഞിരം മുനികോട്ടില്‍ സുരേഷ് (32) നെയാണ് മണ്ണാര്‍ക്കാട് എക്‌സൈസ് വിഭാഗം പിടികൂടിയത്. തെങ്കരയില്‍ നിന്നാണ് സര്‍്ക്കി ള്‍ ഇന്‍്‌സ്‌പെക്ടര്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ കഞ്ചാവ് പിടികൂടിയത്. ഓട്ടോറിക്ഷയും കസ്റ്റടിയിലെടുത്തു.
Next Story

RELATED STORIES

Share it