kannur local

കഞ്ചാവ് വില്‍പനയെ ചോദ്യം ചെയ്ത വിരോധത്തില്‍ ആറുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കാസര്‍കോട്: കഞ്ചാവ് വില്‍പനയെ ചോദ്യം ചെയ്ത വിരോധത്തില്‍ ആറുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ രണ്ടുപേരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലംപാടിയിലെ ഹാഷിം (26), സമീര്‍ (26) എന്നിവരെയാണ് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാല്‍ത്തടുക്കയിലെ ഫാറൂഖ് (27), ആലംപാടിയിലെ മുദസ്സിര്‍ (23), മുസ്തഫ (25) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും ആലംപാടിയിലെ ഹൈദരലി(24)യെ ചെങ്കളയിലെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. ആലംപാടി ഉറൂസില്‍ പങ്കെടുത്ത് വീട്ടിലേക്ക് പോകുന്നതിനിടെ ജീപ്പിലെത്തിയ സംഘം മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. കഞ്ചാവ് വില്‍പനയെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിലാണ് അക്രമമെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു.
സ്ഥിരം കുഴപ്പം നടത്തുന്നവരാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ കുറിച്ച് പോലിസ് അന്വേഷിച്ചുവരികയാണ്. ഇതില്‍ നാലുപേര്‍ വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയിലെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it