Pathanamthitta local

കഞ്ചാവ് മാഫിയ വളരുന്നു; പോലിസും എക്‌സൈസും നിരീക്ഷണം ശക്തമാക്കി

കോന്നി: കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം വ്യാപകമായതോടെ കോന്നി മേഖലയില്‍ പോലിസും എക്‌സൈസും നിരീക്ഷണം ശക്തമാക്കി. കഞ്ചാവ് ഉള്‍പ്പടെ യുവാക്കളില്‍ ലഹരി ഉപയോഗം വ്യാപകമായ പശ്ചാത്തലത്തിലാണ് തീരുമാനം.  എലിയറയ്ക്കല്‍, പൂങ്കാവ്, വകയാര്‍, കുമ്മണ്ണൂര്‍, മാവനാല്‍, ഐരവണ്‍ ആറ്റുവശം, അരുവാപ്പുലം, ചേരിമുക്ക് മേഖലകളില്‍ കഞ്ചാവ് മാഫിയയ്ക്ക് സ്വാധീനമേറെയുണ്ടെന്നാണ് സൂചന ലഭിച്ചിട്ടുള്ളത്.
കോന്നിയിലെ വിവിധ കോളജുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നതു ഈ പ്രദേശത്ത് നിന്നുള്ളവരാണെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം കോന്നി പോസ്റ്റാഫീസ് റോഡിലെ ബസ് സ്റ്റോപിന് എതിര്‍വശത്തു വച്ച് കുമ്മണ്ണൂര്‍ സ്വദേശിയായ യുവാവിനെ പിടികൂടിയിരുന്നു. എലിയറയ്ക്കല്‍ സ്‌കൂളിനു സമീപത്തു നിന്നും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയ യുവാവും അടുത്തിടെ പിടിയിലായിരുന്നു.
കുമ്മണ്ണൂര്‍, മാവനാല്‍, ഐരവണ്‍ ആറ്റുവശം കേന്ദ്രീകരിച്ച് യുവാക്കളില്‍ കഞ്ചാവ് ഉപയോഗം വ്യാപിച്ചുവരികയാണെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍കാലങ്ങളില്‍ നിരവധിപേര്‍ കഞ്ചാവുമായി അറസ്റ്റിലായിട്ടുമുണ്ട്. ഇവിടെയുള്ള യുവാക്കള്‍ക്ക് പുറത്തുനിന്നും കഞ്ചാവ് എത്തിച്ചുനല്‍കുന്ന സംഘങ്ങളും സജീവമാണ്. രാപ്പകല്‍ ഭേദമന്യേ പുറത്തുനിന്നുള്ള നിരവധി യുവാക്കളാണ് ഈ മേഖലയില്‍ വന്നുപോകുന്നത്.
പ്രദേശത്തെ നിത്യസന്ദര്‍ശകനായ ചേരിമുക്ക് സ്വദേശിയായ യുവാവ് അടുത്തിടെ പോലിസ് പിടിയിലായിരുന്നു. സംസ്ഥാനത്തു നിന്നും ലഹരി കടത്തിയ മാവനാല്‍ സ്വദേശിയായ യുവാവ് ഇപ്പോഴും വിദേശത്തെ ജയിയില്‍ കഴിയുകയാണ്. അന്യസംസ്ഥാന ലഹരി മാഫിയയുമായി അടുത്ത ബന്ധമുള്ളവരും ഈ മേഖലയില്‍ സജീവമാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം പോലിസ് ഗൗരവത്തില്‍ എടുക്കാതിരുന്നതും ലഹരിമാഫിയയ്ക്ക് സഹായകമായി. അതേസമയം, ലഹരിക്ക് അടിമപ്പെടുന്ന യുവാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണാനുകൂല സംഘടന നേതാക്കള്‍ ചെയ്യുന്നതെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ഇവരുടെ യുവജനവിഭാഗത്തിന്റെ തണലിലാണ് കഞ്ചാവ് മാഫിയ മേഖലയില്‍ പിടിമുറുക്കിയത്.
യുവാക്കളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ലഹരി ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് ഇക്കൂട്ടര്‍ സ്വീകരിക്കുന്നത്. പിടിയിലായ പ്രതികളെ പുറത്തിറക്കാന്‍ പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലാണ് ശ്രമം നടത്തുന്നത്. കഴിഞ്ഞദിവസം പിടിയിലായ യുവാവിനു വേണ്ടിയും ഈ നേതാവ് പോലിസ് സ്‌റ്റേഷന്‍ കയറിയിറങ്ങിയെന്നാണ് സൂചന. കഞ്ചാവിന് അടിമപ്പെട്ട സംഘങ്ങള്‍ മുമ്പ് വീടുകയറി യുവാവിനേയും കുടുംബത്തേയും ആക്രമിച്ചപ്പോഴും ഇതേ നേതാവാണ് എല്ലാവിധ സഹായവും ചെയ്തുകൊടുത്തത്. ഇവരുടെ യുവജന വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരും ലഹരി മാഫിയയുമായി ബന്ധമുള്ളവരാണ്.
പ്രമാടത്തെ പാര്‍ട്ടി ഓഫീസിന് മുകളില്‍ നിന്നാണ് കഞ്ചാവുമായി നേതാക്കളെ മാസങ്ങള്‍ക്ക് മുമ്പ് പിടികൂടിയത്. കുറ്റവാസനകള്‍ക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കുമെന്ന വിശ്വാസമാണ് ലഹരി ഉപയോഗത്തിലേക്ക് യുവാക്കളെ നയിക്കുന്നത്.
Next Story

RELATED STORIES

Share it