thrissur local

കഞ്ചാവ് -മയക്കുമരുന്ന് വ്യാപനം തടയാന്‍ ജനകീയ പങ്കാളിത്തത്തോടെ പ്രവര്‍ത്തനം



ചാവക്കാട്: തീരദേശത്ത് വര്‍ദ്ധിച്ചു വരുന്ന കഞ്ചാവിന്റെയും മറ്റു തരത്തിലുള്ള മയക്കുമരുന്നുകളുടെയും വ്യാപനം തടയാന്‍ ജനകീയപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചാവക്കാട് പോലിസ് സ്റ്റേഷനില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും വിവിധ സംഘടന പ്രതിനിധികളുടെയും യോഗം തിരുമാനിച്ചു. വിദ്യാര്‍ഥികള്‍, യുവാക്കള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍, നിര്‍മ്മാണ മല്‍സ്യതൊഴിലാളികള്‍ എന്നിവര്‍ക്കിടയിലാണ് വന്‍തോതില്‍ കഞ്ചാവടക്കമുള്ള മയക്കുമരുന്നുവ്യാപനം അതിവേഗം വര്‍ദ്ധിക്കുന്നതെന്ന് യോഗം വിലയിരുത്തി. ഈ മേഖലയിലുള്ളവര്‍ക്ക് ബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിക്കുന്നതോടൊപ്പം കുട്ടികളുടെ മാതാപിതാക്കള്‍ ഉള്‍പ്പെടുന്ന സ്‌കൂള്‍ പിടിഎ, കുടുംബശ്രീ പോലുള്ള കൂട്ടായ്മകളെയും പരിപാടികളുമായി സഹകരിപ്പിക്കും. കഞ്ചാവ്, മറ്റ് മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരെ തിരിച്ചറിഞ്ഞ് കണ്ടെത്തി അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും യോഗം നിര്‍ദേശിച്ചു. ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനവും ഉദ്ദേശിക്കുന്നുണ്ട്. മയക്കുമരുന്നുകള്‍ വിപണനത്തിനെത്തുന്ന ഉറവിടങ്ങള്‍ കണ്ടെത്താന്‍ പൊതുപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സ്‌ക്വാഡുകള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ വാര്‍ഡുകള്‍ തോറും രൂപീകരിച്ചു പ്രവര്‍ത്തിക്കും. ഇപ്പോള്‍ നിയന്ത്രിക്കാവുന്ന മയക്കുമരുന്നു വിപണി മാഫിയ തലത്തിലേയ്ക്ക് വളരാതെ നോക്കിയില്ലെങ്കില്‍ വലിയ വിപത്ത് സമൂഹം നേരിടേണ്ടിവരുമെന്ന് ജനപ്രതിനിധികളും ചൂണ്ടികാട്ടി. ചാവക്കാട് നഗരസഭ കേന്ദ്രീകരിച്ച് വിപുലമായ യോഗം വിളിച്ചുകൂട്ടി കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കാനും തിരുമാനമായി. 12ന് ഉച്ചകഴിഞ്ഞ് നഗരസഭ കോണ്‍ഫറന്‍സ്ഹാളില്‍ കൂടുന്ന യോഗത്തില്‍  ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകര്‍ക്കും പുറമെ എക്‌സൈസ് വിഭാഗം സ്‌കൂള്‍ പ്രധാന അധ്യാപകര്‍, വ്യാപാരികള്‍ സന്നദ്ധ സംഘടനപ്രതിനിധികള്‍, മെഡിക്കല്‍ഷോപ്പ് ഉടമകള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വീടുകള്‍ വാടകയ്ക്ക് നല്‍കിയവര്‍ തുടങ്ങിയ വിഭാഗങ്ങളെ പങ്കെടുപ്പിക്കും. മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാരില്‍ ജനപ്രതിനിധികള്‍ സമര്‍ദ്ദം ശക്തമാക്കാനും കഞ്ചാവ് കേസില്‍ പെടുന്നവര്‍ക്കെതിരെ നിയമനടപടി പോലിസും എക്‌സൈസും കര്‍ശനമാക്കാനും യോഗം ശുപാര്‍ശചെയ്തു. യോഗം ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. സി.ഐ കെ ജി സുരേഷ്, അഡീഷണല്‍ എസ്.ഐ എ വി രാധാക്യഷ്ണന്‍, എ.എസ്.ഐ അനില്‍മാത്യു, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം ബി രാജലക്ഷ്മി, എ എച്ച് അക്ബര്‍, വിവിധ സംഘടനപ്രതിനിധികളായ പി കെ സെയ്താലികുട്ടി, എ വി സജീര്‍, സുമേഷ് ദ്വാരക, കെ എം റിയാസ്, പി എസ് മുനീര്‍, പി ആര്‍ അജ്മല്‍, ലിയാഖത്ത്, ചാവക്കാട് പ്രസ് ഫോറം പ്രസിഡന്റ് റാഫി വലിയകത്ത്, ജനറല്‍ സെക്രട്ടറി ഇ എം ബാബു, പ്രസ് കഌബ് പ്രസിഡന്റ് കെ സി ശിവദാസ് സംസാരിച്ചു.
Next Story

RELATED STORIES

Share it