World

കഞ്ചാവ് കൈവശം വയ്ക്കുന്നത് കാനഡ നിയമാനുസൃതമാക്കി

ഒട്ടാവ: കഞ്ചാവ് കൈവശം വയ്ക്കുന്നത് നിയമാനുസൃതമാക്കി കനേഡിയന്‍ പാര്‍ലമെന്റ് ബില്ല് പാസാക്കി. സെനറ്റില്‍ 52 പേരാണ് ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. 29 പേര്‍ ബില്ലിനെ എതിര്‍ത്തു.
കഞ്ചാവ് വളര്‍ത്തുന്നതും വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കുന്നതാണ് കാനബിസ് ആക്റ്റ്. സപ്തംബര്‍ ആദ്യവാരത്തോടെ ജനങ്ങള്‍ക്ക് കഞ്ചാവ് വാങ്ങാന്‍ സാധിക്കുമെന്നാണ് ഔദ്യോഗിക റിപോര്‍ട്ട്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും കഞ്ചാവ് ലഭ്യമാക്കും. പ്രായപൂര്‍ത്തിയായവര്‍ക്ക് 30 ഗ്രാം വരെ കഞ്ചാവ് കൈവശം സൂക്ഷിക്കാനും അനുമതിയുണ്ട്.
കഞ്ചാവ് വിപണിയില്‍ എത്തിക്കാന്‍ മുനിസിപ്പാലിറ്റി ഉള്‍പ്പെടെയുള്ള ഭരണ സംവിധാനത്തിന് എട്ടു മുതല്‍ 12 ആഴ്ച വരെ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ശക്തമായ മുന്നറിയിപ്പുകളോടെയായിരിക്കും കഞ്ചാവ് വിപണിയിലെത്തുക. കഞ്ചാവിന്റെ വിപണനം പ്രോല്‍സാഹിപ്പിക്കുന്നതിനു പരസ്യങ്ങള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് കഞ്ചാവ് വില്‍ക്കുന്നത് 14 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതേസമയം, പുതിയ നിയമത്തിനെതിരേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ആന്‍ഡ്രൂ ഷീര്‍ രംഗത്തെത്തി.
കഞ്ചാവ് ഉപയോഗത്തിനു  അനുമതി നല്‍കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് കാനഡ. 2013ല്‍ ഉറുഗ്വേ കഞ്ചാവ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയിരുന്നു. 2001ല്‍ ചികില്‍സാ ആവശ്യത്തിന് കഞ്ചാവ് ഉപയോഗിക്കാന്‍ കാനഡ അനുമതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it