Kottayam Local

കഞ്ചാവുമായി ബംഗാളി യുവാവിനെ എക്‌സൈസ് പിടികൂടി

കോട്ടയം: കഞ്ചാവുമായി ബംഗാളി യുവാവിനെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ബങ്കുട ജില്ലയില്‍ മൗജഗുഡര്‍ബാഡ് വില്ലേജില്‍ ഹഡ് അസൂരി പഞ്ചായത്തില്‍ ജെഎല്‍ നം 86ല്‍ സകത്തുള്ള സേഖ് (28) ആണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്.
ഇയാളില്‍ നിന്ന് 150 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് സ്വാമിനാഥന്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. പുന്നത്തറക്കടവിനു സമീപത്തു നിന്നാണ് പ്രതി പിടിയിലായത്. കേരളത്തില്‍ വന്നിട്ട് 10 വര്‍ഷത്തോളമായ പ്രതി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്തു വരികയായിരുന്നു.
കുറച്ചുകാലമായി കോട്ടയത്തും ഏറ്റുമാനൂരും പരിസരത്തുമായി ജോലി ചെയ്തു വരുന്ന ഇയാള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്നു. പ്രതിയെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കി. ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ കഞ്ചാവിന്റെ ഉപയോഗം വര്‍ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ട എക്‌സൈസ് വിഭാഗം ഇതര സംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു നിരീക്ഷണം നടത്തി വരികയായിരുന്നു.
റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ഷിജു, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ വി തോമസ്, പ്രിവന്റീവ് ഓഫിസര്‍ അരുണ്‍ സി ദാസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി കെ മുരളീധരന്‍, രമേശ് സി ആര്‍, കെ സുനില്‍കുമാര്‍, പ്രവീണ്‍ പി നായര്‍, നിഫി ജേക്കബ്, ടി എസ് സുരേഷ്, മാത്യു വര്‍ഗീസ്, പി എസ് ശ്യാംകുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it