thrissur local

കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

ചാലക്കുടി: രാത്രി പെട്രോളിംഗിനിടയില്‍ രണ്ടു ഉത്തരേന്ത്യക്കാര്‍ കഞ്ചാവുമായി പോലിസ് പിടിയിലായി. കൊമ്പിടിഞ്ഞാമാക്കല്‍ കേന്ദ്രീകരിച്ച് കെട്ടിടം പണി ചെയ്തുവരുന്ന ആസാം ദിബ്രുഗ്രാ സ്വദേശി സജന്‍ ലാമ (27), രാജ് ലാമ (24) എന്നിവരെയാണ് എസ്‌ഐ ജയേഷ് ബാലന്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി രണ്ടോടെ പോലിസ് ജീപ്പ് കണ്ട് രണ്ടുപേര്‍ ഇരുട്ടിലേക്ക് ഓടുന്നത് കണ്ട എസ്‌ഐയും സംഘവും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പരിസരത്ത് ഇരുട്ടില്‍ മറഞ്ഞുനിന്ന ഇവര്‍ പിന്നീട് കെഎസ്ആര്‍ ടിസി പരിസരത്തു നിന്ന് ഓട്ടോയില്‍ കയറി പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് അരകിലോയോളം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. അങ്കമാലിയില്‍ ട്രെയിന്‍ ഇറങ്ങിയ ഇവര്‍ അവിടെ താമസിക്കുന്ന ഉത്തരേന്ത്യക്കാരായ ഇവരുടെ സുഹൃത്തുക്കള്‍ക്ക് കഞ്ചാവ് വിറ്റശേഷം ചാലക്കുടിയില്‍ എത്തിയതാണെന്നു പറയപ്പെടുന്നു. ഇതിനിടെയാണ് പോലിസ് പിടിയിലായത്. ഓരോതവണ നാട്ടില്‍ നിന്നും വരുമ്പോഴും ഒന്നോ രണ്ടോകിലോയോളം കഞ്ചാവുമായാണ് ഇവര്‍ എത്തുന്നത്. ഉത്തരേന്ത്യക്കാരായ തൊഴിലാളികള്‍ക്കും ഇവരുടെ ചില മലയാളി സുഹൃത്തുക്കള്‍ ക്കും ഇവര്‍ കഞ്ചാവ് വില്‍ക്കാറുണ്ടെന്ന് പോലിസ് പറഞ്ഞു. ഇതുപോലെ നിരവധി ആളുകള്‍ കേരളത്തിലേക്ക് കഞ്ചാവ് അടക്കമുള്ള ലഹരി പദാര്‍ഥങ്ങള്‍ കടത്തുന്നുണ്ടെന്നാണ് ഇവരില്‍ നിന്ന് ലഭിച്ച വിവരം. ഈയിടെയായി കേരളത്തില്‍ ലഹരി മരുന്ന് സുലഭമായതിന്റെ പ്രധാന വാഹകര്‍ ഉത്തരേന്ത്യന്‍ തൊഴിലാളികളാണെന്ന് സിഐ സി ഹരിദാസ് പറഞ്ഞു. എഎസ്‌ഐ ഡേവിസ്, സിപിഒ മാരായ രാജേഷ് ചന്ദ്രന്‍, ഷിജു എം എസ്സ് എന്നിവരാണ് അന്വഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Next Story

RELATED STORIES

Share it