Kollam Local

കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ലക്ഷങ്ങളുടെ കവര്‍ച്ച: രണ്ടുപേര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ കച്ചവട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ മോഷണം നടത്തിയ രണ്ട് പേര്‍ കൊല്ലം ഈസ്റ്റ് പോലിസിന്റെ പിടിയിലായി. മങ്ങാട് ശ്രീകുമാരപുരം ക്ഷേത്രത്തിന് സമീപം താഴത്ത് തൊടിയില്‍ വീട്ടില്‍ സുധി എന്ന സുരേഷ്(49), മങ്ങാട്  കരിക്കോട്കുരുതി കാമന്‍ ക്ഷേത്രത്തിന് സമീപം രജിത ഭവനില്‍ വിനോജ്കുമാര്‍ എന്ന മധു (43) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കൊല്ലം ആശ്രാമം ജയലക്ഷ്മി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ മോഷണം നടന്നിരുന്നു. ഈ കേസിന്റെ അന്വേഷണ വേളയിലാണ് പ്രതികള്‍ പിടിയിലായത്. തുടര്‍ന്ന് പ്രതികളെ വിശമായി ചോദ്യം ചെയ്തപ്പോള്‍ കൊല്ലം, പത്തനാപുരം എന്നിവിടങ്ങളിലെ ധന്യാ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നടന്ന മോഷണത്തെക്കുറിച്ചും കുണ്ടറയിലെ ചാക്ക് കടയില്‍ നിന്നും ഒരു ലക്ഷം രൂപ അപഹരിച്ച കേസിലും തുമ്പുണ്ടായി എന്ന് പോലിസ് പറഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ കച്ചവട സ്ഥാപനങ്ങളിലും ഇവര്‍ മോഷണം നടത്തിയതായി പോലിസിനോട് സമ്മതിച്ചു.കൊല്ലം കൊട്ടിയം സ്വദേശി സുലേഖന്റെ അടഞ്ഞുകിടന്ന വീട്ടിലും മോഷണം നടത്തിയത് ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. കൊല്ലം മെയിന്‍ റോഡിലെ ധന്യാ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും നാലു ലക്ഷം രൂപയാണ് മോഷണം പോയത്. കളവിന്റെ ദൃശ്യങ്ങള്‍ സിസിടി.വിയില്‍ പതിഞ്ഞിരുന്നു. പത്തനാപുരം ധന്യാ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒരു ലക്ഷം രൂപയോളം മോഷണം പോയി. കരിക്കോട് സ്വദേശിയായ സുധി മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. ഇയാള്‍ ബലാല്‍സംഗ കേസുമായി ബന്ധപ്പെട്ട് 12 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വിനോജ്  മുമ്പ് മോഷണ കേസുകളില്‍ പ്രതിയാണ്. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഇവര്‍ പോലിസ് പിടിയിലായിട്ടില്ല.മോഷണം നടത്തി കിട്ടുന്ന പണം ആഡംബര ജീവിതത്തിനും മദ്യപാനത്തിനുമാണ് പ്രതികള്‍ ഉപയോഗിക്കുന്നത്. നഗര ഹൃദയത്തിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന മോഷണം പോലിസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. 20 വര്‍ഷത്തിന് മുമ്പ് കിളികൊല്ലൂര്‍ പോലിസ് സ്റ്റേഷനിലെ നിരവധി മോഷണ കേസുകളില്‍ സുധിയും വിനോജും ഒരുമിച്ച് പ്രതിയായിരുന്നു. വിനോജ് ഇതിനോടകം വിദേശത്ത് കടന്നു. കഴിഞ്ഞ വര്‍ഷമാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് സുധിയുമായി അടുപ്പത്തിലായി മോഷണങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ അജിതാബീഗത്തിന്റെ നേതൃത്വത്തില്‍ കൊല്ലം എസിപി ജോര്‍ജ് കോശി, ഈസ്റ്റ് സിഐ മഞ്ജുലാല്‍, ഈസ്റ്റ് എസ്‌ഐ ജയകൃഷ്ണന്‍, ജൂനിയര്‍ എസ്‌ഐ സാജു, എഎസ്‌ഐ ചിത്തരഞ്ജന്‍, ശങ്കരനാരായണന്‍, സുരേഷ്, കമലാസനന്‍, ജയചന്ദ്രന്‍, എസ്‌സിപിഒ ശ്രീനിവാസന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളെ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it