Idukki local

കച്ചവടത്തില്‍ വെട്ടിപ്പ്: 12 സ്ഥാപനങ്ങള്‍ക്ക്എതിരേ കേസ്

ഇടുക്കി: ക്രിസ്മസ് സീസണില്‍ വ്യാപാര കേന്ദ്രങ്ങളില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതു തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 12 സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുത്തു. പരിശോധനയില്‍ 56 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍സ് ലംഘനത്തിനാണ്11 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തത്. അളവ്-തൂക്ക നിയമലംഘനത്തിനാണ് ഒരു സ്ഥാപനത്തിനെതിരെ കേസ്. ബേക്കറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇടുക്കി ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരായ ജെ.സി. ജീസണ്‍, ഇ.പി. അനില്‍കുമാര്‍, സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എന്‍. സുമതി, ഇന്‍സ്‌പെക്ടര്‍മാരായ ജോബി വര്‍ഗീസ്, എം.എസ്.സാജു എന്നിവര്‍ നേതൃത്വം നല്‍കി. അളവിലും തൂക്കത്തിലും വെട്ടിപ്പു നടത്തുക, ജിഎസ്ടിയുടെ മറവിലും അല്ലാതെയും അമിത വില ഈടാക്കുക, മുദ്രചെയ്യാത്ത ത്രാസുകളും അളവുതൂക്ക ഉപകരണങ്ങളും ഉപയോഗിക്കുക, പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍ പ്രകാരമുള്ള പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താത്ത പായ്ക്കറ്റുകള്‍ നിര്‍മിക്കുക, വിതരണം ചെയ്യുക, വില്‍പനയ്ക്കായി പ്രദര്‍ശിപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെ തുടര്‍ന്നും കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it