Second edit

കച്ചവടകല

ബാങ്ക്‌സി ഒരു തെരുവു കലാകാരനാണ്. അദ്ദേഹത്തിന്റെ രചനകള്‍ പ്രശസ്തവുമാണ്. പക്ഷേ, കഴിഞ്ഞ ദിവസം ബാങ്ക്‌സിയുടെ ഒരു ചിത്രം കലാവ്യാപാരത്തിലെ അസാധാരണമായ ഒരു ആത്മഹത്യയിലൂടെയാണ് വിശ്വപ്രസിദ്ധി നേടിയെടുത്തത്. 2006ല്‍ കാന്‍വാസില്‍ വരച്ച ബലൂണുമായി നില്‍ക്കുന്ന പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം സോത്ബിയുടെ ലേലത്തില്‍ വിറ്റഴിക്കപ്പെട്ടത്. ഈ ചിത്രം 14 ലക്ഷം ഡോളറിനാണ് വിറ്റുപോയത്. ബാങ്ക്‌സി ചിത്രങ്ങളില്‍ തന്നെ ഏറ്റവും വലിയ തുക.
വില്‍പന ഉറപ്പിച്ചതോടെയാണ് നാടകം തുടങ്ങിയത്. പ്രേക്ഷകര്‍ കണ്ടത് ഫ്രെയിമില്‍ ഉറപ്പിച്ച ചിത്രത്തിലെ പെണ്‍കുട്ടി താഴോട്ട് ഊര്‍ന്നിറങ്ങുന്നതാണ്. പല കഷണങ്ങളായി മുറിച്ച കാന്‍വാസ് ഫ്രെയിമിനു താഴെ തൂങ്ങിനില്‍ക്കുന്നതു കണ്ട് ജനം അന്തംവിട്ടു. ബാക്കിയായത് ഒരു ചുവന്ന ബലൂണ്‍ മാത്രം. ചിത്രം വില്‍പനയ്ക്കു വച്ചാല്‍ അതു കീറിമുറിക്കാനുള്ള സംവിധാനം ഫ്രെയിമിനകത്ത് ഒരുക്കിയാണത്രേ കലാകാരന്‍ അതു വിറ്റത്. റിമോട്ട് നിയന്ത്രിത സംവിധാനമാണ് പണി പറ്റിച്ചത്. കലാകാരന് നിര്‍മിക്കാനെന്നപോലെ നശിപ്പിക്കാനുമുള്ള ത്വരയുണ്ടെന്നാണ് ബാങ്ക്‌സി ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞത്.
പക്ഷേ ജനം പറയുന്നത്, ഇത് കലാകാരനും ലേലക്കാരനും കൂടി നടത്തിയ വെറും നാടകമാണെന്നാണ്. കാന്‍വാസ് കീറിയെങ്കിലും അത് മറ്റൊരു പ്രതലത്തില്‍ ഭംഗിയായി ഒട്ടിച്ചെടുക്കാന്‍ ഒരു പ്രയാസവുമില്ല. അതേസമയം, ഇപ്പോള്‍ ആഗോള പ്രശസ്തി നേടിയ ഈ ചിത്രത്തിന്റെ വിപണിവില ആകാശത്തോളം കുതിച്ചുയരുമെന്ന ഗുണവുമുണ്ട്.

Next Story

RELATED STORIES

Share it