കക്ക വാരാന്‍ കായലില്‍ ഇറങ്ങിയ രണ്ട് പേര്‍ മുങ്ങി മരിച്ചു

ചവറ: വ്യത്യസ്ത സ്ഥലങ്ങളില്‍ കക്ക വാരാന്‍ കായലില്‍ ഇറങ്ങിയ രണ്ട് പേര്‍ മുങ്ങി മരിച്ചു. ചവറ പന്മന കൊട്ടാരത്തിന്‍ കടവിന് വടക്ക് റോഡ് കടവിനു സമീപം ഉളള ടിഎസ് കനാലില്‍ കൂട്ടുകാര്‍ക്കൊപ്പം കക്ക വാരാന്‍ ഇറങ്ങിയ പൊന്മന ചിറ്റൂര്‍ പറമ്പില്‍ വടേക്കതില്‍ ഓമനക്കുട്ടന്‍-രമാ ദമ്പതികളുടെ മകന്‍ അച്ചു എന്നു വിളിക്കുന്ന മഹേഷ് (18), തേവലക്കര അരീക്കാവ് ക്ഷേത്രത്തിനു സമീപം അഷ്ടമുടിക്കായലില്‍ കക്ക വാരാന്‍ ഇറങ്ങുന്നതിനിടയില്‍ കോയിവിള അരിനല്ലൂര്‍ വടക്കേടത്ത് വീട്ടില്‍ ശിവന്‍കുട്ടിപിളള (58) എന്നിവരാണ് മരിച്ചത്. വെളളിയാഴ്ച ഉച്ചയോടെയായിരുന്നു ഇരു സംഭവങ്ങളും. മഹേഷ് ശരീരത്തില്‍ വലക്കൂട കെട്ടി കക്ക വാരി നീന്തി വരുന്നതിനിടയില്‍ മുങ്ങിത്താഴുകയായിരുന്നു. മഹേഷ് മുങ്ങിത്താഴുന്നത് കണ്ട്  കൂട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ സ്‌ക്യൂബ് വിദഗ്ധന്‍ എസ് പി രാജേഷ് എത്തി കായലില്‍ മുങ്ങി തിരച്ചില്‍ നടത്തി. അഞ്ച് മണിക്കൂര്‍ പരിശ്രമത്തിന് ഒടുവില്‍ മൃതദേഹം കായലിന്റെ കയത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു. മൃതദേഹം കരുനാഗപ്പളളി താലൂക്ക് ആശുപത്രിയല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സ്റ്റേഷന്‍ ഓഫിസര്‍ ജി ഗോപകുമാര്‍, ലീഡിങ് ഫയര്‍മാന്‍ ഷാജഹാന്‍, ഫയര്‍മാന്‍മാരായ മിഥുന്‍, മഹേഷ്, അനീഷ് ശങ്കര്‍, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്. സഹോദരന്‍ ഉമേഷ്. ചവറ പോലിസ് കേസെടുത്തു. അഷ്ടമുടിക്കായലില്‍ കക്ക വാരുന്നതിനിടയിലാണ് ശിവന്‍കുട്ടിപിളള മുങ്ങിത്താഴ്ന്നത്. ഇയാള്‍ മുങ്ങിത്താഴുന്നതുകണ്ട് സമീപത്ത് കക്ക വാരുന്ന തൊഴിലാളികള്‍ ഉടന്‍ തന്നെ ശിവന്‍കുട്ടിപിളളയെ രക്ഷപെടുത്താന്‍ ശ്രമിച്ചങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ചവറ തെക്കുംഭാഗം പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it