Pathanamthitta local

കക്കൂസ് മാലിന്യം പൊതുനിരത്തില്‍; ടൂറിസ്റ്റ് ഹോം അടച്ചുപൂട്ടി

പത്തനംതിട്ട: കക്കൂസ് മാലിന്യം പൊതുനിരത്തിലേക്കൊഴുക്കിയ പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ അസീം ഇന്റര്‍നാഷനല്‍ ടൂറിസ്റ്റ് ഹോം എന്ന ലോഡ്ജ് അടച്ചുപൂട്ടി. നഗരമധ്യത്തില്‍ കക്കൂസ് മാലിന്യം ഓടയിലേക്കും റോഡിലേക്കും പൊട്ടിയൊലിക്കുന്നത് തടയാന്‍ നടപടിയില്ലെന്നുള്ള ആക്ഷേപം ശക്തമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് പരിശോധനയ്‌ക്കെത്തിയത്. ലോഡ്ജിന്റെ ടോയ്‌ലറ്റുകളില്‍ നിന്നുള്ള പൈപ്പുകള്‍ പൊട്ടി മലിനജലം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയിട്ട് ആഴ്ചകളേറെയായിരുന്നു.
ഉടമയോട് പരാതി പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടാവുന്നില്ലെന്ന് പ്രദേശവാസികളായ വ്യാപാരികള്‍ പറയുന്നു. വിവരം ആരോഗ്യവകുപ്പിനെയും അറിയിച്ചിരുന്നു. എന്നിട്ടും പ്രശ്‌നത്തിന് പരിഹാരമാവാതെ വന്നതോടെയാണ് നാട്ടുകാര്‍ മാധ്യമങ്ങളുടെ സഹായം തേടിയത്. ലോഡ്ജിനോട് ചേര്‍ന്ന് നഗരത്തിലെ പ്രമുഖ ഹോട്ടലും മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. കക്കൂസ് മാലിന്യത്തിന്റെ ദുര്‍ഗന്ധം പരക്കുന്നതിനാല്‍ ഇവിടെയുള്ള ഹോട്ടലിലും മറ്റും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇവിടത്തെ ഓടകളും തുറന്ന് കിടക്കുകയാണ്.
ഈ ഓടയോട് ചേര്‍ന്ന് തട്ടുകടകളും പഴക്കടകളും പോലും പ്രവര്‍ത്തിക്കുന്നു. ദൂര്‍ഗന്ധം അസഹ്യമാവുമ്പോള്‍ ഓടയുടെ മുകളിള്‍ ഫെഌക്‌സ് വിരിച്ചാണ് തട്ടുകടക്കാരുടെ കച്ചവടം.
അറപ്പുളവാക്കുന്ന ഇത്തരം കാഴ്ചകള്‍ ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും കണ്ടില്ലെന്ന് നടക്കുകയായിരുന്നു. പകര്‍ച്ചവ്യാധികളും മലിനജലവും മൂലം ജനം പൊറുതി മുട്ടുമ്പോള്‍ ഉറക്കം നടിച്ച് കഴിയുകയാണ് ജില്ലാ ആസ്ഥാനത്തെ ആരോഗ്യ വിഭാഗവും നഗരസഭാധികൃതരും. എലിപ്പനിയുടെയും ഡെങ്കിപ്പനിയുടെയും മഞ്ഞപ്പിത്തത്തിന്റെയും കേന്ദ്രമായി മാറിയിരിക്കുകയാണ് പത്തനംതിട്ട നഗരസഭയും സമീപ സ്ഥലങ്ങളും.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി വീടുകള്‍, സ്ഥാപനങ്ങള്‍, തോട്ടങ്ങള്‍, നിര്‍മാണശാലകള്‍, ഇതര സംസ്ഥാന തൊഴിലാളി കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.
ജില്ലയിലെ 5707 വീടുകള്‍, 251 സ്ഥാപനങ്ങള്‍, 173 തോട്ടങ്ങള്‍, 126 നിര്‍മാണ ശാലകള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ 71 വാസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടന്നു.
പകര്‍ച്ചവ്യാധി സാഹചര്യം സൃഷ്ടിച്ചതായി കണ്ടെത്തിയ 14 വീടുകള്‍ക്കും ഒമ്പത് സ്ഥാപനങ്ങള്‍ക്കും രണ്ട് നിര്‍മാണ സ്ഥലങ്ങള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികളുടെ രണ്ട് വാസസ്ഥലങ്ങള്‍ക്കും നോട്ടീസ് നല്‍കി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 97 ടീമുകളാണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയത്.
ജില്ലാ മെഡിക്കല്‍ ഓഫിസിലെ ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ.ദേവ് കിരണ്‍, മലേറിയ ഓഫിസര്‍ ഡോ.ഷേര്‍ളി വര്‍ധനന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ പി ഉദയകുമാരി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം ആര്‍ അനില്‍കുമാര്‍, ജില്ലാ ലാബ് ടെക്‌നീഷ്യന്‍ റോസമ്മ എന്നിവരുടെ നേതൃത്വത്തിലാണ് ലോഡ്ജില്‍ പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it