kozhikode local

കക്കൂസ് മാലിന്യം തോട്ടിലൊഴുക്കി; മീനുകള്‍ ചത്തുപൊങ്ങി

വടകര: റാണി പബ്ലിക് സ്‌കൂളിലെ കക്കൂസ് മാലിന്യം തോട്ടിലൊഴുക്കിയത് പ്രദേശത്ത് ആരോഗ്യ ഭീഷണി ഉയര്‍ത്തി. സെപ്റ്റിക് ടാങ്കില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയോടെയാണ് മാലിന്യം തോട്ടിലൊഴുക്കിയത്. രൂക്ഷ ദുര്‍ഗന്ധവും എന്‍സി കനാല്‍ ഉള്‍പ്പെടെയുള്ള തോടുകള്‍ മലിനമായതോടെ നാട്ടുകാര്‍ സംഘടിച്ചെത്തി സ്‌കൂളില്‍ ഉപരോധം സംഘടിപ്പിച്ചു.
സ്‌കൂള്‍ കോംപൗണ്ടിന് തൊട്ടടുത്ത ചെമ്മച്ചേരി തോട് പൂര്‍ണ്ണമായും മലിനമായിട്ടുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് സിപിഐ എം നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ എന്‍സി കനാല്‍ നവീകരിച്ചിരുന്നു. കനാലിലും വന്‍തോതില്‍ മാലിന്യം കലര്‍ന്നതോടെ പ്രതിഷേധം രൂക്ഷമായി.
എന്നാല്‍ തങ്ങള്‍ തോട്ടിലേക്ക് മാലിന്യം ഒഴുക്കിയിട്ടില്ലെന്ന നിലപാടായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റിന്. സംഭവം അറിഞ്ഞ് വടകര പൊലിസും തഹസില്‍ദാരും സ്ഥലത്തെത്തി. കക്കൂസ്് മാലിന്യം ഒഴുക്കിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്. തുടര്‍ നടപടി സ്വീകരിച്ച് കുറ്റക്കാരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരുമെന്ന് അധികൃതര്‍ പറഞ്ഞു. മാലിന്യം ഒഴുക്കിയ ഭാഗങ്ങളില്‍ ക്ലോറിനേഷന്‍ നടത്താത്തതിലും പരാതിയുണ്ട്. അതേസമയം എന്‍സി കനാലിലെ മാലിന്യം ഓര്‍ക്കാട്ടേരി, വൈക്കിലശേരി ഭാഗങ്ങളിലേക്കെത്തിയതോടെ ഇവിടങ്ങളില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങി. ഇന്നലെ വൈകുന്നേരത്തോടെ വൈക്കിശേരി ഇല്ലത്ത് പാലത്തിനു സമീപമാണ് മീനുകള്‍ ചത്തുപൊങ്ങിയത്. ഇതോടെ പ്രദേശത്ത് നാട്ടുകാര്‍ സംഘടിച്ചെത്തി. കനാല്‍ വെള്ളം കറുപ്പു നിറത്തിലാണ്, കൂടാതെ ദുര്‍ഗന്ധവുമുണ്ട്. എന്‍സി കനാലിനു സമീപം ജലനിധി പദ്ധതിയുടെ ടാങ്കും കിണറുമെല്ലാം സ്ഥിതിചെയ്യുന്നുണ്ട്. സംഭവമറിഞ്ഞ്് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കോട്ടയില്‍ രാധാകൃഷ്ണന്‍, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എംകെ ഭാസ്‌കരന്‍ എന്നിവര്‍ സ്ഥലത്തെത്തി.
പ്രശ്‌നത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇരുവരും വ്യക്തമാക്കി. ചോറോട് പഞ്ചായത്തുമായി ബന്ധപ്പെട്ട് വിഷയത്തില്‍ ഇടപെടുമെന്നും റാണി അധികൃതര്‍ പ്രശ്‌നപരിഹാരം നടത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.








Next Story

RELATED STORIES

Share it