ernakulam local

കക്കൂസ് മാലിന്യം തള്ളുന്നതിന് എത്തിയ ടാങ്കര്‍ വാഹനം ഉപേക്ഷിച്ചനിലയില്‍

നെടുമ്പാശ്ശേരി: ദേശീയപാതയ്ക്കരികെ ചെറിയ വാപ്പാലശ്ശേരിയില്‍ ഇടമലയാര്‍ കനാലില്‍ ഇന്നലെ പുലര്‍ച്ചെ കക്കൂസ് മാലിന്യം തള്ളുന്നതിന് എത്തിയ ടാങ്കര്‍ വാഹനം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ സംഘടിച്ച് എത്തിയതോടെയാണ് വാഹനത്തിലുണ്ടായിരുന്ന രണ്ടു പേര്‍  വാഹനം ഉപേക്ഷിച്ച് ഓടി മറഞ്ഞത്.
ഇതിനിടയില്‍ വാഹനം കാനയിലേക്ക് മറിഞ്ഞു വീണു. പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. ഈ ഭാഗത്ത് നിരന്തരം കക്കൂസ് മാലിന്യം കൊണ്ടുവന്ന് തള്ളുന്നതിനെ ത്തുടര്‍ന്ന് നാട്ടുകാര്‍ പ്രദേശത്ത് കാവല്‍ നില്‍ക്കാന്‍ തുടങ്ങിയിരുന്നു. ഇടമലയാര്‍ ജലസേചന പദ്ധതിക്കായി നിര്‍മിച്ച കനാലിലൂടെ വെള്ളം ഒഴുകുന്നില്ല. ഒറ്റപ്പെട്ട ഈ പ്രദേശത്ത് മാലിന്യങ്ങള്‍ തള്ളുന്നത് പതിവായിരുന്നു. മാലിന്യം തള്ളാന്‍ ഉപയോഗിച്ച വാഹനം മലപ്പുറം രജിസ്‌ട്രേഷനിലുള്ളതാണ്. ചെങ്ങമനാട് പോലിസെത്തി വാഹനം കനാലില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചു. ഗുണ്ടാ സംഘങ്ങള്‍ക്ക് കരാര്‍ നല്‍കിയാണ് മാലിന്യങ്ങള്‍ ഈ പ്രദേശത്ത് കൊണ്ടുവന്നു തള്ളുന്നത്. ചെങ്ങമനാട് പഞ്ചായത്തിലെ ദേശം തലക്കൊള്ളിയില്‍ മാലിന്യം തള്ളുന്നതു തടഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ രാജേഷ് ഉള്‍പ്പടെയുള്ളവരെ ഗുണ്ടാസംഘങ്ങള്‍ നേരത്തെ ആക്രമിച്ചിരുന്നു. നെടുമ്പാശ്ശേരി പഞ്ചായത്തിലെ കുറുന്തലക്കോട്ട് ചിറ, കരിയാട് ബസ്സ് സ്‌റ്റോപ്പിനു സമീപം, വഴിത്തോട്, തേന്‍കുളം, വേത് ചിറ, ചെറിയ വാപ്പാലശ്ശേരി ഇടമലയാര്‍ കനാല്‍, അങ്കമാലി മാഞ്ഞാലി തോട്, മധുരപ്പുറം പാലത്തിനു സമീപം എന്നിവിടങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായിരുന്നു.
ഇതേ മാലിന്യവണ്ടി ഇതിനു മുമ്പും ഈ മേഖലയില്‍ മാലിന്യം തള്ളിയിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. നെടുമ്പാശ്ശേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കക്കൂസ് മാലിന്യം ഉള്‍പ്പെടെ തള്ളുന്നവരെ പിടികൂടി ശിക്ഷിക്കണമെന്നും മാലിന്യ നിക്ഷേപം തടയാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിയ്ക്കണമെന്നും സിപിഎം നെടുമ്പാശ്ശേരി ലോക്കല്‍ സെക്രട്ടറി സണ്ണി പോള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it