Idukki local

കക്കൂസ് മാലിന്യം ജനവാസകേന്ദ്രത്തിലേക്ക് ; മാലിന്യങ്ങള്‍ ഒഴുകുന്നത് കാരിക്കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന്



തൊടുപുഴ: ജില്ലാ ആശുപത്രിയിലെ കക്കൂസ് മാലിന്യങ്ങള്‍ കാരിക്കോട്ടെ ജനവാസ കേന്ദ്രത്തിലെ ഓടയിലേക്കൊഴുകുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. രൂക്ഷമായി ദുര്‍ഗന്ധം പരക്കുകയും ചിലര്‍ക്കു ദേഹാസ്വസ്ഥ്യം ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിലെത്തി പ്രതിഷേധമറിയിക്കുകയായിരുന്നു.ഇന്നലെ രാവിലെ ഏഴരയോടെയാണ് ജില്ലാ ആശുപത്രിയിലെ സെപ്ടിക് ടാങ്കില്‍ നിന്നും മാലിന്യങ്ങള്‍ ഓടയിലേക്കൊഴുകിയത്. പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധം ഉണ്ടാകുകയും പലര്‍ക്കും തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് നാട്ടുകാര്‍ സൂപ്രണ്ടിന്റടുത്ത് പ്രതിഷേധവുമായെത്തുന്നത്. നാട്ടുകാരുടെ ആവശ്യ പ്രകാരം ജില്ലാ ആശുപത്രി സൂപ്രണ്ട് ഉമാദേവിയും നഗരസഭ ആരോഗ്യ വിഭാഗവും സ്ഥലം സന്ദര്‍ശിച്ചു. കാരിക്കോട് നിവാസികള്‍ നിരവധി നാളുകളായി ഈ പ്രശ്‌നത്തിന് നടുവിലാണ്. ജില്ലാ ആശുപത്രിയിലെ കക്കൂസ് മാലിന്യങ്ങള്‍ ചെന്നു ചേരുന്നത് ജില്ലാ ആശുപത്രിക്ക് പുറകിലെ പുറമ്പോക്കില്‍ നിര്‍മ്മിച്ച സെപ്ടിക് ടാങ്കിലേക്കാണ്. ഇവിടെ ഉറവയുള്ളതിനാല്‍ മിക്കവാറും സമയങ്ങളില്‍ ടാങ്ക് നിറഞ്ഞ് ഓടയിലേക്കൊഴുകുന്നത് പതിവാണ്. ഇത് ഓടയിലൂടെ കോട്ടപ്പാലം തോട്ടിലേക്കാണ് ഒഴുകിയെത്തുന്നത്.നിരവധി കുളിക്കടവുകളുള്ള ഈ തോട്ടില്‍ നിരവധിയാളുകള്‍ കുളിക്കുകയും തുണി അലക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ മൂപ്പില്‍ കടവ് പാലത്തിന് സമീപമുള്ള കുടിവെള്ള ടാങ്കിന് സമീപത്തേക്കും ഈ വെള്ളം എത്തുന്നുണ്ട്.സ്ഥിതി ഇപ്രകാരം തുടര്‍ന്നാല്‍ പ്രദേശത്ത് മാരകമായ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു.പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പരാതി അയച്ചു .സീവേജ് വാട്ടര്‍ പ്ലാന്‍ഡ് സ്ഥാപിച്ചാല്‍ മാത്രമേ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണാനാകുകയുള്ളു എന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി പറഞ്ഞു. ഇതിനായി ഇപ്പോള്‍ പി ജെ ജോസഫ് എം എല്‍എയുടെ ഫണ്ടില്‍ നിന്നും 50 ലക്ഷം അനുവദിക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭ്യമാക്കേണ്ടതുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു.
Next Story

RELATED STORIES

Share it