kannur local

കക്കാട് വീണ്ടും തെരുവുനായ ആക്രമണം; അഞ്ചു കുട്ടികളുള്‍പ്പെടെ 13 പേര്‍ക്കു കടിയേറ്റു

കണ്ണൂര്‍: കക്കാട് മേഖലയില്‍ വീണ്ടും തെരുവുനായകളുടെ ആക്രമണം. അഞ്ച് കുട്ടികള്‍ക്കുള്‍പ്പെടെ 13പേര്‍ക്ക് കടിയേറ്റു. ഇതോടെ 10 ദിവസത്തിനിടെ മേഖലയില്‍ തെരുവുനായകളുടെ കടിയേറ്റവരുടെ എണ്ണം 35 ആയി. ഇന്നലെ വൈകീട്ട് 3.30 ഓടെയാണ് സംഭവം.
കടിയേറ്റവരില്‍ രണ്ടുപേര്‍ തമിഴ്‌നാട് സ്വദേശികളാണ്. പുല്ലൂപ്പിക്കടവ്-അത്താഴക്കുന്ന് മേഖലയിലാണ് ഇന്നലെ തെരുവുനായകള്‍ വിളയാടിയത്. ജോലികഴിഞ്ഞു മടങ്ങുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് കടിയേറ്റത്. ആറോളം നായകള്‍ ചിതറി ഓടിയാണ് പരലരെയും കടിച്ചത്. ഇതില്‍ ഒരു നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.
കളപ്പുരയില്‍ വീട്ടില്‍ സാന്ദ്ര(9), വളപ്പില്‍പുരയില്‍ ഷഫ്‌ന(7), വത്തക്കകൂലോത്ത് സന്‍ഷിയ(9), എന്‍ എന്‍ സിയ(7), പുതിയപുരയില്‍ ഷിയാസ്(10) എന്നീ വിദ്യാര്‍ഥികള്‍ക്കാണ് കടിയേറ്റത്. ഷഫ്‌നയെ നായ കടിക്കുന്നതു കണ്ട് തടയാനെത്തിയ മാതാവ് വി പി റാഷിദ(27)യ്ക്കും കടിയേറ്റു.
തമിഴ്‌നാട് സ്വദേശികളായ പെരിയ സ്വാമി(29), സുരേഷ്(27), മാവിലക്കണ്ടി നസീമ(42), ടി ഫരീദ(21), അത്താഴക്കുന്നിലെ ഗൗരി(50) തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. കടിയേറ്റവര്‍ കണ്ണൂര്‍ ജില്ലാശുപത്രിയില്‍ ചികില്‍സ തേടി. നസീമ, സാന്ദ്ര എന്നിവര്‍ക്കു സാരമായ പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ 10 ദിവസത്തിനിടെ കക്കാട് മേഖലയില്‍ ഇത് മൂന്നാം തവണയാണ് നായകളുടെ അക്രമമുണ്ടാവുന്നത്. കൗസര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനടുത്തു നിന്ന് നാലു പേര്‍ക്കും സ്പിന്നിങ് മില്ലിനു സമീപം 14 പേര്‍ക്കും കഴിഞ്ഞ ദിവസം കടിയേറ്റിരുന്നു.
പുല്ലൂപ്പിക്കടവ്-അത്താഴക്കുന്ന്, കല്ലുകെട്ടുചിറ, ശാദുലിപ്പള്ളി, കുഞ്ഞിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായ ശല്ല്യം രൂക്ഷമായിട്ടുള്ളത്. ഇവിടങ്ങളില്‍ രാത്രികാലങ്ങളില്‍ അറവുമാലിന്യങ്ങള്‍ തള്ളുന്നത് വ്യാപകമായിട്ടുണ്ട്.
കൗണ്‍സിലര്‍ ടി കെ അഷ്‌റഫിന്റെ നേതൃത്വത്തിലാണ് കടിയേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരെ മേയര്‍ ഇ പി ലത ജില്ലാശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
തെരുവുനായ ആക്രമണം തടയാന്‍ ആവശ്യമായ നടപടിയെടുക്കാന്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്ന് മേയര്‍ ഇ പി ലത പറഞ്ഞു.
Next Story

RELATED STORIES

Share it