Pathanamthitta local

കക്കാട്ടാറിലെ കുടിവെള്ള പദ്ധതികള്‍ പ്രതിസന്ധിയിലേക്ക്

ചിറ്റാര്‍: കക്കാട്ടാറിനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന മൂന്നുകല്ല് കുടിവെള്ള പദ്ധതിയിലേതുള്‍പ്പെടെ പല പദ്ധതികളുടെയും പമ്പിങ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.  കക്കാട്ടാറിലെ കുടിവെള്ളം വലിയ തോതില്‍ മലിനപ്പെടുകയും കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതുമാണ് ഇതിന് കാരണം.
ഇതില്‍ ഏറ്റവുമധികം മലിനീകരണ ഭീഷണി നേരിടുന്നത് മൂന്നുകല്ലിലെ ജനകീയ കുടിവെള്ള പദ്ധതിയാണ്. പല ദിവസങ്ങളിലും മാലിന്യങ്ങള്‍ നീക്കംചെയ്താല്‍ മാത്രമേ പമ്പിങ് നടത്താനാകൂ എന്നതാണ് അവസ്ഥ. മാലിന്യ നിക്ഷേപമുള്‍പ്പെടെ മലിനീകരണം തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മൂന്നുകല്ല് കുടിവെള്ള പദ്ധതി നടത്തിപ്പുകാരായ ജനകീയ കമ്മിറ്റി ഗ്രാമപ്പഞ്ചായത്തിനും മറ്റും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കക്കാട്ടാറിലെ മലിനീകരണം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി പദ്ധതി നടത്തിപ്പുകാര്‍ പറയുന്നു. പലയിടത്തും കക്കൂസ് മാലിന്യങ്ങള്‍പോലും നദിയിലേക്ക് കലരുകയാണ്. അതിന് പുറമേ മത്സ്യമാംസ അവശിഷ്ടങ്ങളും നദിയിലേക്ക് നിക്ഷേപിക്കുന്നുണ്ട്. കോളീഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതായി രണ്ട് മാസം മുമ്പ് പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ജലക്ഷാമം രൂക്ഷമായ വലിയൊരു മേഖലയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നതിനുള്ള ഏകമാര്‍ഗമാണ് മൂന്നുകല്ല് കുടിവെള്ള പദ്ധതി. ചിറ്റാര്‍ പഞ്ചായത്തിലെ ശുദ്ധജലവിതരണ പദ്ധതികളും പമ്പിങ് നടത്തുന്നത് കക്കാട്ടാറ്റിലെ വെള്ളമാണ്. ആയിരക്കണക്കിനാളുകളാണ് ഈ നദിയിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നത്. നദി മലിനീകരണത്തിന് നടപടിയില്ലാതെവന്നാല്‍ ജനകീയസമരം തുടങ്ങാനുള്ള ആലോചനയിലാണ് മൂന്നുകല്ലിലെ ജനങ്ങളെന്ന് കുടിവെള്ളപദ്ധതി കമ്മിറ്റി പ്രസിഡന്റ് പി ടി സഖറിയ പറഞ്ഞു.
Next Story

RELATED STORIES

Share it