Kollam Local

കക്കവാരി ഉപജീവനം നടത്തുന്ന തൊഴിലാളികള്‍ പ്രതിസന്ധിയില്‍

കരുനാഗപ്പള്ളി: വട്ടക്കായലിലും ടിഎസ് കനാലിലും കക്കാവാരി ഉപജീവനം നടത്തുന്ന തൊഴിലാളികള്‍ പ്രതിസന്ധിയില്‍. കക്കയുടെ വംശനാശമാണ് തൊഴിലാളികള്‍ക്ക് വിനയായത്. കായലില്‍ ഉപ്പ് കയറിത്തുടങ്ങിയാല്‍ നൂറുകണക്കിന് തൊഴിലാളികളാണ് കക്കവാരി ജീവിക്കുന്നത്. ഇപ്പോള്‍ കക്കയിറച്ചിയ്ക്ക് വന്‍ ഡിമാന്റാണ്. റിസോര്‍ട്ടുകളിലും മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റുകളിലുമാണ് പ്രധാന വിപണനകേന്ദ്രങ്ങള്‍. മുമ്പൊക്കെ കക്കാവാരി സൈക്കിളില്‍ കൊണ്ടുപോയാണ് വില്‍ക്കുന്നത്. ഇപ്പോള്‍ കക്കാവാരി കഴിഞ്ഞാല്‍ ചെറുകിട വ്യാപാരികള്‍ കായല്‍ കടവുകളിലെത്തി കക്ക മതിച്ച് വാങ്ങുകയാണ് പതിവ്. വിനോദ സഞ്ചാരികളുടെ തീന്‍മേശകളില്‍ കക്കകൊണ്ട് ഉണ്ടാക്കുന്ന വിവിധ വിഭവങ്ങളാണ് എത്തുന്നത്.

രാവിലെ അഞ്ചിന് കക്കവാരാന്‍ കായലില്‍ ഇറങ്ങിയാല്‍ ഉച്ചയ്ക്ക് 12നാണ് കരയ്ക്ക് അണയുന്നത്. ദിവസം 2000രൂപയുടെ ജോലി ചെയ്തിരുന്ന സമയമുണ്ടായിരുന്നെന്ന് തൊഴിലാളിയായ കോഴിക്കോട് സ്വദേശി വാസവന്‍ പറയുന്നു. ഇന്ന് മണിക്കൂറുകള്‍ കായലില്‍ ജോലി ചെയ്താല്‍പോലും കുടുംബത്തെ പട്ടിണിയില്‍ നിന്ന് കരകയറ്റാനുള്ള വക കണ്ടെത്താന്‍ കഴിയുന്നില്ല. കായല്‍ തീരങ്ങളിലുള്ള ഫാക്ടറികളില്‍ നിന്ന് പുറന്തള്ളുന്ന ആസിഡ് കലര്‍ന്ന ജലം കായലിലേക്ക് ഒഴുക്കി വിടുന്നതാണ് കക്കയ്ക്ക് നാശം സംഭവിക്കാന്‍ കാരണം. കാലവര്‍ഷം ആരംഭിക്കുന്ന ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കായലിന്റെ അടിത്തട്ടില്‍ കക്കയുടെ പ്രജനനം നടക്കുന്നത്. നവംബര്‍ മാസത്തോടെ ആരംഭിക്കുന്ന സീസണ്‍ മേയ് മാസത്തോടെ അവസാനിക്കും. ആറുമാസം മുടങ്ങാതെ പണി ചെയ്താല്‍ പട്ടിണിയില്ലാതെ കുടുംബം പോറ്റാന്‍ കഴിയുമെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം മുതല്‍ കായലില്‍ കക്കയുടെ അളവ് കുറവാണ്. ഉള്ളത് ചെറിയ വിലയ്ക്കാണ് ചെറുകിട വ്യാപാരികള്‍ വാങ്ങുന്നത്. കായലിന്റെ അടിത്തട്ടില്‍ ഉണ്ടാകുന്ന അവസ്ഥ ഭേദങ്ങളാണ് കക്കയുടെ നാശത്തിന് കാരണമാകുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. തകര്‍ന്ന് കൊണ്ടിരിക്കുന്ന ഈ വ്യവസായത്തേയും ഇതില്‍ പണിയെടുക്കുന്ന തൊഴിലാളികളേയും സംരക്ഷിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്ന പരാതിയാണ് തൊഴിലാളികള്‍ക്കുള്ളത്.
Next Story

RELATED STORIES

Share it