kozhikode local

കക്കട്ടില്‍: കഥകള്‍ക്കപ്പുറം ബാക്കിയാവുന്നത് സ്‌നേഹസാന്നിധ്യം

വടകര: പാഠഭാഗങ്ങളില്‍ നാട്ടുനര്‍മങ്ങള്‍ ചാലിച്ചു ചേര്‍ത്ത് നാലുചുവരിനു പുറത്തും സാമൂഹ്യപാഠങ്ങള്‍ പകര്‍ന്നിരുന്ന അക്ബര്‍മാഷ് എന്ന അക്ബര്‍ കക്കട്ടിലിന്റെ വിയോഗം പൊടുന്നനെയായതിന്റെ നൊമ്പരത്തിലാണ് വടകരയുടെ സാംസ്‌കാരികലോകം. സാമൂഹ്യ പ്രശ്‌നങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിന്റെ അതിരുകളില്‍ ഒതുങ്ങാത്ത മാഷ് പുരോഗമന ആശയങ്ങളുമായി ഇടകലര്‍ത്തികൊണ്ടു തന്നെയാണ് തന്റെ സാന്നിധ്യം എഴുത്തിലും പൊതുജീവിതത്തിലും തുടര്‍ന്നിരുന്നത്. കക്കട്ടിലാണ് ജനിച്ചതെങ്കിലും എന്നും കര്‍മഭൂമി വടകരയായിരുന്നു. ഇവിടെ പരന്ന സൗഹൃദമാണ് ഉണ്ടായിരുന്നത്. സഹപാഠികളായും സാഹിത്യകാരന്‍മാരായും ഉള്ള സമകാലികരുടെ ഇടയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍തന്നെ പുതുതലമുറയുടെ ആവേശത്തെ നെഞ്ചേറ്റാനും ഒരു ഗുരുനാഥന്റെ സ്ഥാനത്തുനിന്നും നിര്‍ദേശങ്ങള്‍ നല്‍കാനും പരിപാടികളില്‍ പങ്കാളിയാകാനും അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല. സാഹിത്യ സായാഹ്നങ്ങള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍, സെമിനാറുകള്‍, ചലച്ചിത്രമേളകള്‍ അങ്ങിനെ വലുതും ചെറുതുമായ പരിപാടികളിലെല്ലാം നിറസാന്നിധ്യമായിരുന്നു അക്ബര്‍ കക്കട്ടില്‍. നേരിട്ടു പരിചയമില്ലാത്തവര്‍പോലും ഒരുനോക്കുകാണാന്‍ വടകരയില്‍ കാത്തുനിന്നത് അദ്ദേഹത്തിന്റെ രചനാശൈലിയിലെ ഹൃദയസ്പര്‍ശം കൊണ്ടുമാത്രമാണ്.
മടപ്പള്ളി ഗവ. കോളെജില്‍ പഠിക്കുന്ന സമയത്ത് കോളെജ് യൂനിയന്‍ ചെയര്‍മാനായിരുന്ന അക്ബര്‍ കക്കട്ടിലിന് അന്നുണ്ടായിരുന്ന സുഹൃത് വലയം ഇന്നും നിലനില്‍ക്കുന്നുണ്ട്. വടകര ബി.ഇ.എം സ്‌കൂളില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നയിച്ച ജനരക്ഷായാത്രയുടെ ഭാഗമായി നടന്ന അസഹിഷ്ണുതക്കെതിരെയുള്ള സെമിനാറിലാണ് അദ്ദേഹം അവസാനമായി പങ്കെടുത്തത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരായ സെമിനാര്‍ ഉദ്ഘാടനം ചെയ്ത അക്ബര്‍ നാടിന്റെ ഐക്യവും സാഹോദര്യവും മതേതരത്വവും എന്നും പുലര്‍ന്നുകാണണമെന്ന് ആഹ്വാനം ചെയ്താണ് അന്ന് മടങ്ങിയതെന്ന് കോണ്‍ഗ്രസ് നേതാവായ പുറന്തോടത്ത് സുകുമാരന്‍ പറഞ്ഞു. നല്ല കഥാകാരന്‍ എന്നതിനോടൊപ്പം നല്ല മതേതരവാദിയുമായിരുന്നു അദ്ദേഹമെന്ന് കമ്യൂണിസ്റ്റ് ചിന്തകനായ ടി.രാജന്‍ പറഞ്ഞു. ഏറ്റവും അടുത്ത സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായതെന്ന് കഥാകാരന്‍ എം.സുധാകരന്‍ ഓര്‍മിച്ചു. രചനകളില്‍ ഗ്രാമീണ ഭാഷയുടെ സൗന്ദര്യം തനിമയോടെ പകര്‍ത്തുന്നതില്‍ പ്രത്യേകസിദ്ധി തന്നെയായിരുന്നു അക്ബറിനെന്നും സുധാകരന്‍ പറഞ്ഞു.
തന്റെ ജന്മദേശമായ കക്കട്ടിലും നാദാപുരത്തും ഈയിടെയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ ഏറെ ദുഖിതനായിരുന്ന അദ്ദേഹം പുറമേരിയില്‍ ബഹുജന പങ്കാളിത്തത്തോടെ നടന്ന മാനവീകം പരിപാടിയില്‍ മുഖ്യ പ്രഭാഷകനായി എത്തുകയും മനുഷ്യന്റെ ജീവനെ ഗണിക്കാത്തതിനെയെല്ലാം കാലം ഒറ്റപ്പെടുത്തുമെന്നും മനുഷ്യനന്മക്കായി എല്ലാവരും ഐക്യപ്പെടണമെന്നും ഓര്‍മിപ്പിച്ചിരുന്നതായും ഇത്തരം സന്നിഗ്ദ ഘട്ടങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ അക്ബര്‍ മാഷിന്റെ വിയോഗം എത്ര ആഴത്തിലുള്ളതാണെന്ന് തിരിച്ചറിയുന്നതായും മാനവീകം സംഘാടകര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it