Middlepiece

കംസനും കനയ്യയും 21ാം നൂറ്റാണ്ടില്‍

കംസനും കനയ്യയും 21ാം നൂറ്റാണ്ടില്‍
X
slug-indraprasthamആര്‍ഷഭാരതപുരാണങ്ങളും ഇതിഹാസങ്ങളും എല്ലാം പരതിയാല്‍ ഈ പുണ്യഭൂമിയിലെ ഏറ്റവും ഉദാരനായ മനുഷ്യന്‍ സാക്ഷാല്‍ കര്‍ണനാണെന്ന് നിരീക്ഷകന്‍ കരുതിയിരുന്നു. കര്‍ണന്‍ ശരിക്കു പറഞ്ഞാല്‍ പഞ്ചപാണ്ഡവരുടെ മാതാജിയുടെ ആദ്യപുത്രനാണ്. സൂര്യഭഗവാനുമായുള്ള ഒരു ഒളിസേവയില്‍ പിറന്ന പുത്രനായതുകൊണ്ട് പിറന്നപാടെ ഗംഗയില്‍ ഒഴുക്കി മാതാജി തടി രക്ഷിച്ചു. കര്‍ണന്‍ അങ്ങനെ ഏകാകിയായാണു വളര്‍ന്നത്. എന്നാല്‍, വില്ലാളിവീരന്‍. കവചകുണ്ഡലങ്ങള്‍ കൈവശമുള്ള കാലത്തോളം അദ്ദേഹത്തെ ആര്‍ക്കും തോല്‍പിക്കാനാവില്ല.
മഹാഭാരതയുദ്ധം വന്നപ്പോള്‍ പാണ്ഡവരുടെ എതിര്‍ചേരിയില്‍ കൗരവപക്ഷത്തെ സേനാനായകനായി സാക്ഷാല്‍ കര്‍ണന്‍. കക്ഷിയെ വീഴ്ത്താന്‍ പ്രയാസം. എന്നാല്‍, ദാനശീലനായ സ്വപുത്രനോട് മാതാജി തന്നെ കവചകുണ്ഡലങ്ങള്‍ ചോദിച്ചുവാങ്ങി. സ്വന്തം ജീവനാണ് അഴിച്ചുകൊടുക്കുന്നതെന്നു മനസ്സിലാക്കിക്കൊണ്ടുതന്നെ കര്‍ണന്‍ അതൊക്കെ ദാനംചെയ്യുകയും ചെയ്തു.
ഇപ്പോള്‍ ദാനശീലത്തിന്റെ ഈ മഹാചാര്യനെയും കടത്തിവെട്ടിയിരിക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിജി. ഭരണം കടുത്ത പരീക്ഷണം നേരിടുന്ന വേളയില്‍ പ്രതിപക്ഷത്തിന് തന്റെ കവചകുണ്ഡലങ്ങള്‍ അഴിച്ചുകൊടുക്കുന്ന അതേ ലാഘവത്തോടെ അദ്ദേഹം കരുത്തനായ ഒരു യുവനേതാവിനെ കൈയില്‍ വച്ചുകൊടുത്തു. കനയ്യകുമാര്‍ എന്ന ദേശീയ ഹീറോയെ നിര്‍മിച്ച് ഈ തിരഞ്ഞെടുപ്പുകാലത്ത് പ്രതിപക്ഷനിരയിലേക്ക് അനുഗ്രഹിച്ചയച്ച മോദിജിയുടെ ദാനശീലത്തെ എങ്ങനെയാണ് വാഴ്ത്തുക എന്നതിനു വാക്കുകള്‍ കിട്ടുന്നില്ല. കര്‍ണന്‍ സുല്ലിട്ടുപോവും ഈ ഔദാര്യത്തിനു മുന്നില്‍.
കനയ്യകുമാര്‍ ബിഹാറിലെ ഒരു കുഗ്രാമത്തിലെ ഒരു അങ്കണവാടി ആയയുടെ മകനാണ്. മാതാവിന് ആകെ വരുമാനം 3000 ഉറുപ്പിക. അതുകൊണ്ടു കഴിഞ്ഞുകൂടുന്ന കുടുംബത്തില്‍നിന്നുവന്ന കനയ്യയെ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയിലാണ് മോദി ഭരണകൂടം ദേശീയ വീരനായകന്റെ പദത്തിലേക്ക് ഉയര്‍ത്തിയത്. ദേശദ്രോഹക്കുറ്റം ദോശചുട്ടെടുക്കുന്നപോലെയാണ് ഈ യുവനേതാവിന്റെ മേല്‍ പഴയ ചായക്കടക്കാരന്റെ ഭരണകൂടം ചുമത്തിക്കൊടുത്തത്. അതു തെളിയിക്കാനുള്ള വകുപ്പൊന്നും കൈവശമില്ല എന്നതു വേറെ കാര്യം.
ഇപ്പോള്‍ അഞ്ചു സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരായി ജനകീയ യുദ്ധം കൊടുമ്പിരികൊള്ളുന്ന വേളയിലാണ് കനയ്യയെ മോദിജിയുടെ ഭരണകൂടം രാജ്യത്തിനു സംഭാവനയായി നല്‍കിയിരിക്കുന്നത്. സിപിഐ എന്ന ഒരു കക്ഷി ഇന്നാട്ടില്‍ നിലനില്‍ക്കുന്നുണ്ടെന്ന് അധികമാരും അറിയാത്ത കാലത്ത് അവര്‍ക്കിന്ന് ഏറ്റവും ഉജ്ജ്വലനായ ഒരു നേതാവിനെ ഏര്‍പ്പെടുത്തിക്കൊടുത്തതും മോദിജി തന്നെ.
അടുത്ത തിരഞ്ഞെടുപ്പില്‍ മോദിപ്പടയ്‌ക്കെതിരായ യുദ്ധത്തിന്റെ മുഖ്യനായകന്‍ കനയ്യ തന്നെയായിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കക്ഷി സൂപ്പര്‍ പ്രാസംഗികനാണ്. മോദിയുടെ അമ്പത്താറു മുഴം നീളമുള്ള നാവ് അയാളുടെ മുമ്പില്‍ വിലപ്പോവില്ല.
ഇത്രയും കാലം തന്റെ മുഴുത്ത നാവും പഴയ ചായക്കച്ചവടത്തിന്റെ കഥയും പറഞ്ഞാണ് മോദി പിടിച്ചുനിന്നിരുന്നത്. ഇനിയിപ്പോള്‍ അതു നടപ്പില്ല. മോദിയെക്കാള്‍ നന്നായി ഹിന്ദി പറയാന്‍ അറിയുന്ന പുതിയ യുവതാരങ്ങള്‍ ദേശീയരംഗത്ത് അണിനിരന്നുകഴിഞ്ഞു. പഴയ ചായക്കട മാഹാത്മ്യം കനയ്യയുടെ അങ്കണവാടി അമ്മയുടെ മുമ്പില്‍ ചെലവാകാന്‍ പ്രയാസം.
ശരിക്കും ആലോചിച്ചാല്‍ കനയ്യ എന്ന പേരിന് പുരാണത്തില്‍ മാത്രമല്ല, സമകാല ഭാരതചരിത്രത്തിലും വലിയ അര്‍ഥമുണ്ടെന്നു കാണാന്‍ കഴിയും. യാദവര്‍ക്ക് ഭഗവാന്‍ കൃഷ്ണനാണ് കനയ്യ. കൃഷ്ണന്‍ അവതരിച്ചത് കംസന്റെ ദുര്‍ഭരണം അവസാനിപ്പിക്കാനാണ്. ഇങ്ങനെയൊരു ശത്രു അവതരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി സഹോദരിയായ യശോദയെ തുറുങ്കിലടച്ച ഭരണാധികാരിയാണ് കംസന്‍.
പക്ഷേ, കംസന്റെ തുറുങ്കും പീഡനവും ഒന്നും കനയ്യയെ, അല്ല ഭഗവാന്‍ കൃഷ്ണനെ തടയാന്‍ പര്യാപ്തമായില്ല എന്ന് ഭാഗവതം. കംസന്‍ സ്വന്തം ഹീനകൃത്യങ്ങളുടെ ഇരയായി രംഗം വിടേണ്ടിവന്നു.
ഈ കഥയില്‍ എന്തെങ്കിലും സമകാലികമായി കാണാന്‍ കഴിയുന്നുണ്ടോ എന്ന് വായനക്കാര്‍ക്ക് നിശ്ചയിക്കാം. യദാ യദാ ഹി ധര്‍മസ്യ എന്ന ഗീതാവാക്യത്തില്‍ എവിടെ ധര്‍മത്തിനു ഗ്ലാനി സംഭവിക്കുന്നുവോ അവിടെ ധര്‍മസംസ്ഥാപനാര്‍ഥം താന്‍ അവതരിക്കുമെന്ന് ഭഗവാന്‍ കൃഷ്ണന്‍ പറയുന്നുണ്ട്. കനയ്യയുടെ വാക്കുകളിലും അതുതന്നെയാണോ തെളിഞ്ഞുവരുന്നത്?
Next Story

RELATED STORIES

Share it