kozhikode local

കംപ്യൂട്ടര്‍ സാക്ഷരതയുമായി ഇന്ദിരാഗാന്ധി ഓപണ്‍ യൂനിവേഴ്‌സിറ്റി

വടകര: ലോകത്തിലെ തന്നെ ഏറ്റവും വലിയ വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രമായ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയുടെ വടകര റീജ്യനല്‍ സെന്റര്‍ സമ്പൂര്‍ണ ഇ-സാക്ഷരതാ പദ്ധതി നടപ്പിലാക്കുന്നു. സൗജന്യ നിരക്കിലുള്ള ഒരുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും സൗജന്യ കംപ്യൂട്ടര്‍ പരിശീലനവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
നെയ്ത്ത് തൊഴിലാളികള്‍, ഭിന്നലിംഗക്കാര്‍ തുടങ്ങിയവര്‍ക്ക് പ്രവേശനം പൂര്‍ണമായും സൗജന്യമാണ്. 2011 ല്‍ സ്ഥാപിതമായ ഇഗ്‌നോ വടകര സെന്ററര്‍ അഞ്ചു ജില്ലകളും കേന്ദ്രഭരണപ്രദേശമായ മാഹിയും പ്രവര്‍ത്തന പരിധിയായുള്ള സ്ഥാപനമാണ്. ഈ സെന്ററില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഏഴു വര്‍ഷത്തിനുള്ളില്‍ അഞ്ചിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. 50,000ല്‍ അധികം പേര്‍ ഇക്കാലയളവില്‍  വടകര സെന്ററില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2011ല്‍ 10 പഠനകേന്ദ്രങ്ങളുമായി തുടങ്ങിയ സ്ഥാപനത്തിന് ഇപ്പോള്‍ 19 കേന്ദ്രങ്ങള്‍ ഉണ്ട്. വയനാട് ജില്ലയിലെ ആദിവാസികളുടെ ഉന്നമനത്തിനായി മേരിമാതാ കോളജിലും ജയിലിലെ അന്തേവാസികള്‍ക്കുവേണ്ടി  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും പുതിയ പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു. ആറു മാസം കൊണ്ട് പൂര്‍ത്തിയാക്കുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ മുതല്‍ ബിരുദാനന്തരബിരുദവും തൊഴിലധിഷ്ഠിത കോഴ്‌സുകളും ഇഗ്നോ നടത്തിവരുന്നു.
സമ്പൂര്‍ണ കമ്പ്യൂട്ടര്‍ സാക്ഷരതാ പരിപാടിയുടെ ഉദ്ഘാടനം 2018 ജനുവരി 10ന് ഇഗ്നോ സ്റ്റഡി സെന്ററായ വടകര കോ-ഓപ്പറേറ്റീവ് കോളജില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി നിര്‍വ്വഹിച്ചു. പ്രധാനമന്ത്രിയുടെ ആദര്‍ശഗ്രാമമായി തെരഞ്ഞെടുത്ത ചോറോട് ഗ്രാമപഞ്ചായത്തിലാണ് പദ്ധതിയുടെ തുടക്കം.
Next Story

RELATED STORIES

Share it