കംപ്യൂട്ടര്‍ ഗെയിമില്‍ ലോകശ്രദ്ധ നേടി സൈനുദ്ദീന്‍ ഫഹദ്

എ പി  വിനോദ്

കാസര്‍കോട്: കംപ്യൂട്ടര്‍ ഗെയിം ലോകത്തെ പുതിയ വാഗ്ദാനമാണ് കാസര്‍കോട് സ്വദേശി സൈനുദ്ദീന്‍ ഫഹദ് എന്ന 27കാരന്‍. കാസര്‍കോട്ടെ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് സൈനുദ്ദീന്‍ തന്റെ അനുഭവം പങ്കുവച്ചു. ബിസിനസുകാരനായ അബ്ദുര്‍റഹ്്മാന്‍ ഫിറോസ്-ഫൗസിയ ദമ്പതികളുടെ മകനായ സൈനുദ്ദീന്‍ പഠിച്ചതും വളര്‍ന്നതും മുംബൈയിലാണ്. സ്‌കൂള്‍ പഠനശേഷം ബിസിനസ് മാനേജ്‌മെന്റില്‍ ഡിഗ്രി പഠനത്തിനു ചേര്‍ന്നു. എന്നാല്‍, മൂന്നുമാസത്തിനുള്ളി ല്‍ പഠനം ഉപേക്ഷിച്ചു. ഇതിനിടെ ഫുട്‌ബോള്‍ കളിക്കിടെ കാലിന്റെ ലിഗ്‌മെന്റ് പൊട്ടി മൂന്നുമാസം വിശ്രമിക്കേണ്ടിവന്നത് ജീവിതത്തില്‍ വഴിത്തിരിവായി. മുമ്പും കംപ്യൂട്ടര്‍ ഗെയിമുകള്‍ കളിക്കുമായിരുന്നെങ്കിലും ഇതൊരു ലഹരിയായി. ഇതിനിടെയാണ് സ്വന്തമായി കംപ്യൂട്ടര്‍ ഗെയിമുകള്‍ നിര്‍മിക്കണമെന്ന ആഗ്രഹം മുളപൊട്ടുന്നത്. വീട്ടുകാരും എതിര്‍ത്തില്ല. മുംബൈയിലെ പ്രശസ്തമായ മായ അക്കാദമി ഓഫ് അഡ്വാന്‍സ്ഡ് സിനിമാറ്റിക്‌സ് (മാക്) എന്ന സ്ഥാപനത്തില്‍ രണ്ടരവര്‍ഷത്തെ അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ത്രീഡി ആനിമേഷന്‍ കോഴ്‌സിനു ചേര്‍ന്നു. പഠനശേഷം 19ാം വയസ്സില്‍ ജോലിക്കു ചേര്‍ന്നെങ്കിലും വൈകാതെ ഉപേക്ഷിച്ചു. കംപ്യൂട്ടര്‍ ഗെയിം ആണ് തന്റെ മേഖലയെന്ന തിരിച്ചറിവായിരുന്നു ആ തീരുമാനത്തിനു പിന്നില്‍. പിന്നീടാണ് സുഹൃത്ത് ചെന്നൈ സ്വദേശി നീരജ്കുമാറിനൊപ്പം കംപ്യൂട്ടര്‍ ഗെയിം നിര്‍മാണക്കമ്പനി ആരംഭിക്കാന്‍ തീരുമാനിക്കുന്നത്. ആറുലക്ഷം രൂപ മൂലധനമാക്കി ഹൈദരാബാദ് ആസ്ഥാനമാക്കി ഓര്‍ഗി ഹെഡ് സ്റ്റുഡിയോ എന്ന കമ്പനി ആരംഭിച്ചു. ചെറിയ ഗ്രാഫിക്‌സ്, ത്രീഡി ജോലികള്‍ ഏറ്റെടുത്തുകൊണ്ടായിരുന്നു തുടക്കം. ലോകവിപണി തന്നെ ലക്ഷ്യമിട്ട് ഒരു കംപ്യൂട്ടര്‍ ഗെയിം നിര്‍മിക്കാന്‍ ഇരുവരും തീരുമാനിച്ചു. നൂറുശതമാനം ഒരു ഇന്ത്യന്‍ ഗെയിം. അതായിരുന്നു സ്വപ്‌നം. അങ്ങനെയാണ് അസുര എന്ന ഗെയിം പിറവിയെടുക്കുന്നത്. മൂന്നുവര്‍ഷംകൊണ്ട് ചെയ്ത ഈ ഗെയിമിന്റെ നിര്‍മാണത്തിന് അരക്കോടിയോളം രൂപ ചെലവായി. എന്നാല്‍, ഇവരുടെ കഠിനാധ്വാനം വെറുതെയായില്ല. ഗെയിം പെട്ടെന്നു തന്നെ ഹിറ്റായി. മുടക്കുമുതല്‍ രണ്ടാഴ്ചകൊണ്ടു തിരിച്ചുപിടിച്ചു. ജപ്പാനിലെ ക്യോട്ടോയില്‍ നടന്ന അഞ്ചാമത്തെ ബിറ്റ് സമ്മിറ്റില്‍ മികച്ച കംപ്യൂട്ടര്‍ ഗെയിം ആയി ഇതു തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ ഗെയിം ഓഫ് ദി ഇയര്‍ ആയും യുഎസ്, തായ്‌വാന്‍ എന്നിവിടങ്ങളില്‍ മികച്ച ഗെയിമിനായുള്ള മല്‍സരത്തില്‍ നോമിനേഷനും ലഭിച്ചു. പുതിയ ഗെയിമിന്റെ പണിപ്പുരയിലാണ് സൈനുദ്ദീനും കൂട്ടരും. വിദേശമാര്‍ക്കറ്റ് ലക്ഷ്യമിട്ടാണ് ഗെയിമുകള്‍ നിര്‍മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കംപ്യൂട്ടര്‍ ഗെയിം വിപണി വേണ്ടത്ര വികസിച്ചിട്ടില്ല. എന്നാല്‍, ഈ മനോഭാവത്തിനു മാറ്റം വന്നുതുടങ്ങിയതായും ഇന്ത്യയില്‍ കംപ്യൂട്ടര്‍ ഗെയിം വ്യവസായത്തിന്റെ ഭാവി ശോഭനമാണെന്നും സൈനുദ്ദീന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it