കംദുനി കൂട്ടബലാല്‍സംഗം; മൂന്നു പ്രതികള്‍ക്ക് വധശിക്ഷ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കംദുനിയില്‍ 21കാരിയായ കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ. മറ്റു മൂന്നു പ്രതികളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. അമീനുല്‍ അലി, സെയ്ഫുല്‍ അലി, അന്‍സാര്‍ അലി എന്നിവര്‍ക്കാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി സഞ്ജിത സര്‍ക്കാര്‍ വധശിക്ഷ വിധിച്ചത്. ഇമാനുല്‍ ഇസ്‌ലാം, അനിമുല്‍ ഇസ്‌ലാം, ഭോലാ നസ്‌കര്‍ എന്നിവര്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കണം. 2013 ജൂണ്‍ ഏഴിനാണ് വിദ്യാര്‍ഥിനി മൃഗീയമായി കൊലചെയ്യപ്പെട്ടത്.
പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി നേരത്തേ കണ്ടെത്തിയിരുന്നു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നും അതിനാല്‍ പരമാവധി ശിക്ഷ വിധിക്കരുതെന്നുമുള്ള പ്രതിഭാഗം അഭിഭാഷകരുടെ വാദം കോടതി തള്ളി. റഫീഖുല്‍ ഇസ്‌ലാം, നൂര്‍ അലി എന്നീ പ്രതികളെ തെളിവിന്റെ അഭാവത്തില്‍ വെറുതെവിട്ടു. മറ്റൊരു പ്രതിയായ ഗോപാല്‍ നസ്‌കര്‍ കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ വിചാരണവേളയില്‍ മരിച്ചിരുന്നു.
കോളജില്‍ പരീക്ഷ കഴിഞ്ഞ് കൊല്‍ക്കത്തയില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള കംദുനിയിലെ വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് വിദ്യാര്‍ഥിനിയെ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കിയശേഷം പ്രതികള്‍ കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം കൃഷിയിടത്തില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. വിദ്യാര്‍ഥിനിയുടെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി മമതാ ബാനര്‍ജി, സംഭവത്തിനു പിന്നില്‍ മാവോവാദി-കമ്മ്യൂണിസ്റ്റ് സംഘടനകളാണെന്ന് ആരോപിച്ചത് വന്‍ വിവാദമായിരുന്നു.
പ്രതിഭാഗം അഭിഭാഷകരായ ഫിറോസ് എദുല്‍ജി, ടി ഘോഷ് എന്നിവരുടെ വാദം കേട്ടശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്കു പകരം പ്രതികള്‍ക്ക് ദീര്‍ഘകാലം ജയില്‍ശിക്ഷ നല്‍കണമെന്ന വാദം കോടതി തള്ളി. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ദീപക് ഘോഷ് ഹാജരായി.
Next Story

RELATED STORIES

Share it