ernakulam local

ഔഷധ വ്യാപാരികള്‍ അനിശ്ചിതകാല കടയടപ്പ് സമരം നടത്തും

കൊച്ചി: ഔഷധ വ്യാപാര മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉടനെ പരിഹാരം കണ്ടില്ലെങ്കില്‍ ഔഷധ വ്യാപാരികള്‍ അനിശ്ചിതകാല കടയടപ്പ് സമരം ആരംഭിക്കുമെന്ന് ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്റ് ഡ്രഗിസ്റ്റ് (എകെസിഡിഎ) സംസ്ഥാന വൈസ് പ്രസിഡന്റ് പി ശങ്കരനാരായണന്‍.
ഔഷധ വ്യാപാരമേഖല കുത്തകവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിയമ നിര്‍മാണങ്ങള്‍ക്കെതിരേ എകെസിഡിഎ ഹൈക്കോര്‍ട്ട് ജങ്ഷനില്‍ സംഘടിപ്പിച്ച കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഔഷധ വ്യാപാരികള്‍ക്ക് തങ്ങളുടെ വ്യാപാരം മുമ്പോട്ട് കൊണ്ടുപോവാന്‍ പറ്റാതായിരിക്കുന്നു. സര്‍ക്കാരിന്റെയും വിവിധ ഡിപാര്‍ട്ടുമെന്റുകളുടെയും നിരന്തരമായ പീഠനങ്ങള്‍ സഹിക്കവയ്യാതെ കഴിഞ്ഞ രണ്ടുവര്‍ഷമായി ആയിരത്തോളം വ്യാപാരികള്‍ ഔഷധ വ്യാപാരത്തോട് വിടപറഞ്ഞു.
ഉപജീവനത്തിനായി ചെറുത്തുനില്‍പ്പു സമരം നടത്തുന്ന നിലവിലുള്ള വ്യാപാരികളെ പാടേ ഉന്മൂലനം ചെയ്യാനും ഔഷധവ്യാപാരമേഖല വിദേശ, സ്വദേശ കുത്തകള്‍ക്ക് തീറെഴുതിക്കൊടുക്കാനും ഉദ്ദേശിച്ചുള്ള നിയമനിര്‍മാണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രോല്‍സാഹനം നല്‍കുന്നുവെന്നുള്ളത് അത്യന്തം ദു:ഖകരമാണ്. പതിനെട്ടോളം വിവധ ലൈസന്‍സുകള്‍ക്ക് വിധേയമായി വ്യാപാരം ചെയ്യുന്ന ഔഷധവ്യാപാരികള്‍ക്ക് പുതുതായി വിഭാവനം ചെയ്യുന്ന കരിനിയമങ്ങള്‍ ഒരിക്കലും അംഗീകരിക്കാനോ പ്രായോഗികതലത്തില്‍ നടപ്പാക്കാനോ സാധിക്കുകയില്ലായെന്നും ശങ്കരനാരായണന്‍ പറഞ്ഞു. എറണാകുളം ജില്ലാ പ്രസിഡന്റ് പി വി ടോമി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രന്‍നാഥ്, എ ജെ ആന്റണി, സംസ്ഥാന ട്രഷറര്‍ ഒ എം അബ്ദുല്‍ ജലീല്‍, എറണാകുളം ജില്ലാ സെക്രട്ടറി സൈജു എബ്രാഹം സംസാരിച്ചു.
Next Story

RELATED STORIES

Share it