wayanad local

ഔഷധസസ്യങ്ങളുടെ പറുദീസയായി ജില്ലാ ആയുര്‍വേദ ആശുപത്രി

കല്‍പ്പറ്റ: ജീവിതശൈലീ രോഗങ്ങള്‍ മുതല്‍ കാന്‍സര്‍ വരെ പ്രതിരോധിക്കാന്‍ കഴിവുള്ള ഒറ്റമൂലികളുടെയും അത്യപൂര്‍വ ഔഷധസസ്യങ്ങളുടെയും സംരക്ഷണത്തില്‍ മാതൃകയാവുകയാണ് കല്‍പ്പറ്റയിലെ ജില്ലാ ആയൂര്‍വേദ ആശുപത്രി.
ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. പ്രീതാ മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ മേല്‍നോട്ടത്തിലാണ് ഔഷധസസ്യ കൃഷി. ആശുപത്രി മേല്‍ക്കൂരയില്‍ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നിര്‍മിച്ച പോളി ഹൗസിലാണ് മാറാവ്യാധികള്‍ അമ്പതോളം ആയുര്‍വേദ ഔഷധങ്ങള്‍ സംരക്ഷിച്ചുവരുന്നത്. കാന്‍സറിനെ പ്രതിരോധിക്കുന്ന കരിമഞ്ഞള്‍ മുതല്‍ പ്രമേഹത്തിന് ഫലപ്രദമായ ചീറ്റാമര്‍ത് വരെ ഈ കൂട്ടത്തില്‍ പെടും. നീലക്കൊടുവേലി, മരമഞ്ഞള്‍, സോമലത, ചെങ്ങുനീര്‍കിഴങ്ങ്, നാഗദന്തി എന്നിങ്ങനെ ആയുര്‍വേദ ഔഷധക്കൂട്ടുകളിലെ പ്രധാന ചേരുവകളാണ് ആകര്‍ഷണം.
പൊതുവെ ജില്ലയില്‍ ഔഷധസസ്യ കൃഷി വാണിജ്യാടിസ്ഥാനത്തില്‍ അധികമാരും പരീക്ഷിച്ചിട്ടില്ല. ഈ മേഖലയിലേക്കുള്ള പുതിയ സാധ്യതകള്‍ തുറക്കുകയാണ് ആശുപത്രി. ഒരുവര്‍ഷം മുമ്പ് രോഗികള്‍ക്ക് ഔഷധസസ്യങ്ങള്‍ പരിചയപ്പെടുത്താനാണ് ഡോ. പ്രീതയുടെ നേതൃത്വത്തില്‍ ഈ ഔഷധസസ്യ തോട്ടം ആരംഭിക്കുന്നത്.
പരിമിതമായ സാഹചര്യങ്ങള്‍ മറികടന്ന് ആശുപത്രി മേല്‍ക്കൂരയില്‍ ഔഷധസസ്യ തോട്ടം നിര്‍മിക്കുകയായിരുന്നു. വയനാടിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയും ഔഷധ കൃഷിക്ക് അനുയോജ്യമാണെങ്കിലും ഇതര ജില്ലകളെ അപേക്ഷിച്ച് ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നില്ല.
Next Story

RELATED STORIES

Share it