ഔറംഗാബാദ് കലാപത്തില്‍ ശിവസേനയ്ക്ക് പോലിസ് ഒത്താശ; പ്രതിഷേധവുമായി മുസ്‌ലിം എംഎല്‍എമാര്‍

മുംബൈ: ഔറംഗാബാദ് കലാപത്തില്‍ ശിവസേനാ പ്രവര്‍ത്തകരും പോലിസുകാരും കൈകോര്‍ത്തതിനെതിരേ മുസ്‌ലിം എംഎല്‍എമാര്‍ മഹാരാഷ്ട്ര സെക്രട്ടറിയേറ്റില്‍ പ്രതിഷേധിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എംഎല്‍എമാരെ കാണാന്‍ സമയമനുവദിച്ചെങ്കിലും പിന്നീട് തയ്യാറായില്ലെന്ന് അവര്‍ ആരോപിച്ചു. എന്നാല്‍ തന്നെ കാണാന്‍ നിയമസഭാ സാമാജികര്‍ മുന്‍കൂട്ടി അനുമതി തേടിയിരുന്നില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു.
സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ അബു അസിം അസ്മി, കോണ്‍ഗ്രസ് എംഎല്‍എമാരായ അമിന്‍ പട്ടേല്‍, അബ്ദുല്‍ സത്താര്‍, അസ്‌ലം ശെയ്ഖ്, മാലേഗാവ് സെന്റര്‍ എംഎല്‍എ ആസിഫ് ശെയ്ഖ്, എംഐഎം എംഎല്‍എമാരായ വാരിസ് പത്താന്‍, ഇംതിയാസ് ജലീല്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ അണിചേര്‍ന്നു.
ചൊവ്വാഴ്ച 12.30ന് എംഎല്‍എമാരെ കാണാന്‍ ഫഡ്‌നാവിസ് സമയമനുവദിച്ചിരുന്നു. എന്നാല്‍ എംഎല്‍എമാര്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി തിരക്കിലാണ് എന്നാണ് അറിയിച്ചതെന്ന് എസ്പി എംഎല്‍എ അബു അസിം അസ്മി പറഞ്ഞു.
പോലിസുകാര്‍ കലാപകാരികളെ സഹായിക്കുന്ന വീഡിയോ ദൃശ്യങ്ങളുമായിട്ടാണ് എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.
കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 50 ലക്ഷവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും നഷ്ടപരിഹാരം നല്‍കണം. കലാപത്തില്‍ സ്വത്തുനശിച്ചവരെ പുനരധിവസിപ്പിക്കണമെന്നും അസ്മി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it