palakkad local

ഔദ്യോഗിക ഭാഷ മലയാളം: വ്യവസ്ഥ നിര്‍ബന്ധമാക്കി ഉത്തരവ്



പാലക്കാട്: സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുളള സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളില്‍  ഔദ്യോഗിക ഭാഷയായി മലയാളം ഉപയോഗിക്കണമെന്ന നിലവിലുളള വ്യവസ്ഥ നിര്‍ബന്ധമാക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പിന്റെ ഔദ്യോഗികഭാഷാ ഉന്നതതല സമിതി ഉത്തരവിറക്കി. എല്ലാ വകുപ്പുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പുറപ്പെടുവിക്കുന്ന ഉത്തരവുകളും സര്‍ക്കുലറുകളും  കത്തിടപാടുകളും ഫയല്‍നടപടികളും റിപ്പോര്‍ട്ടുകളും നിബന്ധനകള്‍ക്കു വിധേയമായി മലയാള ഭാഷയിലായിരിക്കണമെന്ന് എല്ലാ വകുപ്പ് തലവന്മാരും ഓഫീസ് മേധാവികളും ഉറപ്പ് വരുത്തണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.  മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ നടത്തിയ ഭരണഭാഷാ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ഉത്തരവ്.  കേന്ദ്രസര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹൈക്കോടതി-സൂപ്രീംകോടതി, ഇതര സംസ്ഥാനങ്ങള്‍, മറ്റു രാജ്യങ്ങളിലേയ്ക്കുളള ആശയവിനിമിയം, സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴ്, കന്നഡ ഒഴികെയുളള മറ്റു ഭാഷാ ന്യൂന പക്ഷകാരുമായുളള കത്തിടപാടുകള്‍, ഇംഗ്ലീഷ് ഉപയോഗിക്കണമെന്ന് ഏതെങ്കിലും നിയമത്തില്‍ പ്രത്യേക പരാ—മര്‍ശമുളള സംഗതികള്‍ എന്നീ സാഹചര്യങ്ങളില്‍  ഇംഗ്ലീഷ് ഉപയോഗിക്കാം. എന്നാല്‍ ഇത് സംബന്ധിച്ച കുറിപ്പ് ഫയലുകള്‍ മലയാളത്തിലാക്കണം.ഉദ്യോഗസ്ഥരുടെ സ്ഥാനപേര്, ഓഫീസ് ബോര്‍ഡുകള്‍ , വാഹനത്തില്‍ ഉപയോഗിക്കുന്ന ബോര്‍ഡുകള്‍ എന്നിവയില്‍ മലയാളഭാഷ നിര്‍ബന്ധമാക്കണമെന്ന് കലക്ടറേറ്റ് സമ്മേളനഹാളില്‍ കഴിഞ്ഞ ദിവസം നടന്ന ഔദ്യോഗികഭാഷാ ഏകോപനസമിതിയോഗത്തില്‍ എഡിഎം എസ്‌വിജയന്‍ പറഞ്ഞു.ഓഫിസുകളില്‍ നിലവിലുളള ഔദ്യോഗികഭാഷാ സമിതി ഓരോ മൂന്നുമാസത്തിലും നിര്‍ബന്ധമായും ചേരണമെന്നും യോഗത്തിന്റെ മിനിറ്റ്‌സ്് ജില്ലാതല ഏകോപനസമിതിയ്ക്ക് സമര്‍പ്പിക്കണമെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി. കൂടാതെ മലയാള ഭാഷയില്‍ അജ്ഞതയുളള ഓഫിസ് ജീവനക്കാരുണ്ടെങ്കില്‍ അതു സംബന്ധിച്ച് ജില്ലാ ഭരണ കാര്യാലയത്തെ അറിയിച്ചാല്‍ പരീശിലനത്തിന് നടപടി സ്വീകരിക്കാമെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it