ഓഹരി കുംഭകോണം ; രണ്ട് മുന്‍ ബാങ്കര്‍മാര്‍ക്ക് നാലുവര്‍ഷം തടവ്

മുംബൈ: ഹര്‍ഷദ് മേത്ത ഉള്‍പ്പെട്ട 1992ലെ ഓഹരി കുംഭകോണക്കേസില്‍ രണ്ട് മുന്‍ ബാങ്ക് ഉദ്യോഗസ്ഥരെ നാലുവര്‍ഷം വീതം കഠിന തടവിനു പ്രത്യേക കോടതി ശിക്ഷിച്ചു. തട്ടിപ്പ്, വിശ്വാസവഞ്ചന, പൊതുസ്വത്ത് ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. പ്രതികള്‍ ചെയ്ത കൃത്യം രാജ്യദ്രോഹക്കുറ്റമായി വിലയിരുത്താമെന്ന് ജസ്റ്റിസ് റോഷന്‍ ദാല്‍വിയയുടെ ബെഞ്ച് നിരീക്ഷിച്ചു.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയിലെ(എസ്ബിഎസ്) നിക്ഷേപ നിയന്ത്രണവിഭാഗം തലവനായിരുന്ന എം എസ് ശ്രീനിവാസന്‍, എസ്ബിഐ സെക്യൂരിറ്റീസ് വിഭാഗം ഉദ്യോഗസ്ഥനായിരുന്ന ആര്‍ സീതാരാമന്‍ എന്നീ പ്രതികളെയാണു ശിക്ഷിച്ചത്. പ്രതികള്‍ അഞ്ചുകോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍പ്രകാരവും അഴിമതി തടയല്‍ നിയമപ്രകാരവുമാണ് പ്രതികളെ ശിക്ഷിച്ചത്.
പൊതുജനസേവകരായിരുന്ന ഇവര്‍ തങ്ങളുടെ പദവി ദുരുപയോഗം ചെയ്ത് ബാങ്കുകള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു. പൊതുസ്വത്ത് ദുരുപയോഗം ചെയ്ത് പ്രതികള്‍ അവരുടെ പദവി അവമതിച്ചതായി കോടതി പറഞ്ഞു.
ഓഹരി ദല്ലാള്‍ ഹര്‍ഷദ് മേത്തയും ഉദ്യോഗസ്ഥരും ചേര്‍ന്ന് എസ്ബിഎസും എസ്ബിഐയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളില്‍ തട്ടിപ്പു നടത്തിയതായാണ് സിബിഐ കേസ്. മുഖ്യപ്രതി ഹര്‍ഷദ് മേത്ത ഏതാനും വര്‍ഷം മുമ്പ് മരിച്ചിരുന്നു. കേസില്‍ 22 പേര്‍ പ്രതികളായിരുന്നു. ഇതില്‍ 14 പേര്‍ ഉദ്യോഗസ്ഥരും എട്ടുപേര്‍ ഇടനിലക്കാരുമായിരുന്നു. ഹര്‍ഷദ് മേത്തയെ കൂടാതെ മറ്റു മൂന്നു പ്രതികള്‍ വിചാരണ കാലയളവില്‍ മരിച്ചിരുന്നു. മൂന്നു പ്രതികളെ വിചാരണാവേളയില്‍ ഒഴിവാക്കി. മറ്റു പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെവിട്ടിരുന്നു.
Next Story

RELATED STORIES

Share it