Districts

ഓസീസ് സംഘം സൈക്കിള്‍ ചവിട്ടുന്നു; ഇന്ത്യയിലെ തെരുവുകുട്ടികള്‍ക്കായി

ശരത്‌ലാല്‍ ചിറ്റടിമംഗലത്ത്

കൊച്ചി: പതിനഞ്ചംഗ ഓസീസ് സംഘം കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കു സൈക്കിള്‍യാത്ര നടത്തുന്നത് ദൈവത്തിന്റെ സ്വന്തം നാടു കാണാന്‍ മാത്രമല്ല, ഇന്ത്യയിലെ തെരുവുകുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനു വക കണ്ടെത്താന്‍ കൂടിയാണ്.
ഡല്‍ഹിയിലെ ദരിദ്രരായ തെരുവുകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓസീസ് സംഘം സൈക്കിള്‍ കാംപയിന്‍ ആരംഭിച്ചിരിക്കുന്നത്. നവംബര്‍ ഒന്നിന് ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്ന് ആരംഭിച്ച 'സൈക്കിള്‍ ഫോര്‍ ബെറ്റര്‍ ഫ്യൂച്ചര്‍' കാംപെയിന്‍ 240 കി.മീ. ദൂരം പിന്നിട്ട് തിരുവനന്തപുരത്തു സമാപിക്കും.
ആസ്‌ത്രേലിയയിലെ ന്യൂ സൗത്ത്‌വെയ്ല്‍സ് സ്വദേശിയും പ്രൈഡ് ഓഫ് ആസ്‌ത്രേലിയ നോമിനിയുമായ മാറ്റ് ബ്രൈസ് ആണ് കാംപയിന് നേതൃത്വം നല്‍കുന്നത്. 2012ലാണ് മാറ്റ് ബ്രൈസ് ആദ്യമായി ഇന്ത്യയിലെത്തുന്നത്. ഈ യാത്രയ്ക്കിടയില്‍ ഇന്ത്യയിലെ തെരുവുകളില്‍ കുട്ടികള്‍ അനുഭവിക്കുന്ന ദുരിതങ്ങളും അവര്‍ അതിഥികളോടു കാണിക്കുന്ന സ്‌നേഹവും തന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും തുടര്‍ന്നാണ് ഓസ്േ്രടലിയയിലെ കുട്ടികള്‍ക്കു വേണ്ടിയുള്ള സന്നദ്ധസംഘടനയായ ഫോര്‍ഗറ്റ് മി നോട്ടിനെയും ഇന്ത്യന്‍ സംഘടനയായ ലക്ഷ്യ ആകൃതി ഫൗണ്ടേഷനെയും സഹകരിപ്പിച്ച് സൈക്കിള്‍ കാംപയിന്‍ എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നതെന്നും മാറ്റ് ബ്രൈസ് പറഞ്ഞു.
2013ല്‍ ഡല്‍ഹിയില്‍ നിന്ന് ഗോവ വരെ ഒമ്പതു സംസ്ഥാനങ്ങളിലായി 4000ത്തോളം കി.മീ. ദൂരം മാറ്റ് ബ്രൈസ് നടത്തിയ സൈക്കിള്‍ യാത്രയില്‍ നിന്നു സമാഹരിച്ച തുക മുഴുവന്‍ ദരിദ്രരായ തെരുവുകുട്ടികളുടെ പഠനസൗകര്യങ്ങള്‍ക്കു വേണ്ടിയാണ് ഉപയോഗിച്ചത്. കാംപയിനിന്റെ അടുത്ത ഘട്ടമായാണ് കേരളത്തിലെ സൈക്കിള്‍ യജ്ഞം നടത്തുന്നത്.
ഡല്‍ഹി നോയ്ഡയിലുള്ള ബ്രൈറ്റര്‍ ഫ്യൂച്ചര്‍ സ്റ്റഡിസെന്ററിന്റെ സഹായത്തോടെയാണ് 100ഓളം തെരുവുകുട്ടികള്‍ക്ക് സാക്ഷരതാ പഠനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇന്ത്യയിലെ തെരുവോരങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് സ്‌കൂള്‍ പഠനത്തിന് പ്രചോദനം നല്‍കുകയാണ് ബ്രൈറ്റര്‍ ഫ്യൂച്ചര്‍ സ്റ്റഡി സെന്റര്‍. ഓസീസ് സംഘം സൈക്കിള്‍ കാംപയിനിലൂടെ സമാഹരിക്കുന്ന പണം മുഴുവന്‍ ബ്രൈറ്റര്‍ ഫ്യൂച്ചര്‍ സ്റ്റഡി സെന്ററിനു നല്‍കാനാണ് തീരുമാനം
Next Story

RELATED STORIES

Share it