ഓഷ്‌വിറ്റ്‌സ് വിചാരണ: 94കാരനായ ഹാന്നിങ് കോടതിയില്‍

ബെര്‍ലിന്‍: ഓഷ്‌വിറ്റസ് നാത്‌സി കോണ്‍സണ്‍ട്രേഷന്‍ ക്യാംപിലെ കാവല്‍ക്കാരന് 1,70,000ത്തോളം ആളുകളെ കൊലപ്പെടുത്തിയ കേസില്‍ 94ാം വയസ്സില്‍ വിചാരണ. റെയിന്‍ഹോള്‍ഡ് ഹാന്നിങിന്റെ വിചാരണയാണ് പടിഞ്ഞാറന്‍ ജര്‍മന്‍ നഗരമായ ഡെറ്റ്‌മോളില്‍ ഇന്നലെ ആരംഭിച്ചത്. പോളണ്ടിലെ ക്യാംപിലെത്തിയ ജൂതത്തടവുകാരെ ഗ്യാസ് ചേംബറുകളിലേക്ക് കൊണ്ടുപോകുന്നതിന് സഹായം ചെയ്‌തെന്നാണ് ഹാന്നിങിനെതിരേയുള്ള ആരോപണമെന്ന് ജര്‍മന്‍ പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.
അതേസമയം, തടവുകാരുടെ കൂടെ പോയെന്നത് അംഗീകരിക്കുന്നുണ്ടെങ്കിലും കൂട്ടക്കൊലപാതകങ്ങളില്‍ പങ്കാളിയായിട്ടില്ലെന്നാണ് ഹാന്നിങ് പറയുന്നത്. മുന്‍ നാത്‌സി അംഗരക്ഷകരിലെ മുതിര്‍ന്ന നാലുപേരില്‍ ഒരാളാണ് ഹാന്നിങ്. ഒരു സ്ത്രീയുള്‍പ്പെടെ ബാക്കി മൂന്നു പേരുടെ വിചാരണ അടുത്ത മാസങ്ങളിലായി നടക്കും.
ഓഷ്‌വിറ്റസില്‍ ജൂതന്‍മാരുള്‍പ്പെടെ 11 ലക്ഷത്തോളം പേരെ നാത്‌സികള്‍ കൂട്ടക്കൊല ചെയ്തിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1943-44 കാലയളവിലാണ് ഹാന്നിങ് നാത്‌സി അംഗരക്ഷകനായി പ്രവര്‍ത്തിച്ചത്.
രണ്ടാംലോക യുദ്ധക്കാലത്തെ കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍നിന്നു രക്ഷപ്പെട്ടവര്‍ ഹാന്നിങിനെതിരേ സാക്ഷി പറയാനിരിക്കുകയാണ്.
Next Story

RELATED STORIES

Share it