wayanad local

ഓവുചാല്‍ നിര്‍മാണത്തില്‍ അശാസ്ത്രീയത



വെള്ളമുണ്ട: ഏറെക്കാലത്തെ മുറവിളികള്‍ക്ക് ശേഷം നിര്‍മിച്ച ഓവുചാലുകള്‍ യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ദുരിതം വിതയ്ക്കുന്നതായി ആരോപണം. എടവക പഞ്ചായത്തിലെ പീച്ചംകോട് അംബേദ്കര്‍ റോഡില്‍ നിര്‍മിച്ച ഓവുചാലുകളാണ് വെള്ളം കെട്ടിനിന്ന് കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി മാറിയിരിക്കുന്നത്. അശാസ്ത്രീയമായ നിര്‍മാണമാണ് യാത്രക്കാര്‍ക്ക് പ്രയോജനമില്ലാതെ പാഴാവാനിടയാക്കിയതെന്നാണ് ആരോപണം. ജില്ലയിലെ ഏക കാന്‍സര്‍ ചികില്‍സാ കേന്ദ്രമായ അംബേദ്കര്‍ ആശുപത്രിയിലേക്കുള്ള രോഗികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ കടന്നുപോവുന്ന പീച്ചംകോട്-നല്ലൂര്‍നാട് റോഡില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഓവുചാലുകള്‍ നിര്‍മിച്ചത്. പീച്ചംകോട് നിന്നു 300 മീറ്റര്‍ മാറി റോഡില്‍ നിറയെ വെള്ളം കെട്ടിനിന്നിരുന്ന ഭാഗത്താണ് നാട്ടുകാരുടെ നിരന്തര സമ്മര്‍ദത്തെ തുടര്‍ന്ന് എടവക പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഓവുചാല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. എന്നാല്‍, പ്രവൃത്തിയിലെ അപാകതയും അശാസ്ത്രീയതയും കാരണം ഓവുചാല്‍ ഗുണത്തേക്കാളേറെ നാട്ടുകാര്‍ക്ക് ദുരിതമായിരിക്കുകയാണ്. മഴപെയ്താല്‍ റോഡിലുള്ള വെള്ളം ഓവുചാലിലേക്കിറക്കാന്‍ പ്രവൃത്തി സമയത്ത് കൂട്ടിയിട്ട കല്ലും മണ്ണും തടസ്സമാവുകയാണ്. ഇതു നീക്കം ചെയ്യാത്തത് കാരണം റോഡില്‍ പഴയതിനേക്കാള്‍ കൂടുതലായി വെള്ളം കെട്ടിനിന്ന് കാല്‍ നടയാത്ര പോലും കഴിയാത്ത നിലയാണ്. ഓവുചാലുകള്‍ക്ക് വെള്ളം ഒഴുകിപ്പോവാന്‍ വേണ്ടത്ര ചെരിവ് നല്‍കാത്തതിനാല്‍ ചാലുകളില്‍ വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെരുകുന്നതും പരിസരവാസികള്‍ക്ക് ദുരിതമാവുന്നു. ഇതുസംബന്ധിച്ച് നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ പരിഹാരമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
Next Story

RELATED STORIES

Share it