kannur local

ഓവുചാലില്‍ കൊതുക് പെരുകുന്നു; യാത്രക്കാര്‍ രോഗ ഭീതിയില്‍

കണ്ണൂര്‍: നഗര മധ്യത്തിലെ പ്രധാന ബസ്‌സ്റ്റോപ്പായ കാല്‍ടെക്‌സിന് സമീപത്തെ ഓവുചാലിന് സ്ലാബില്ലാത്തത് നഗരത്തില്‍ രോഗ ഭീതി പരത്തുന്നു. ദിവസം നൂറുക്കണക്കിന് ബസ്സുകളും, വിദ്യാര്‍ഥികളടക്കം ആയിരക്കണക്കിന് യാത്രക്കാരും ആശ്രയിക്കുന്ന ബസ് സ്റ്റോപ്പാണ് കാല്‍ടെക്‌സ്. ഇവിടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് അടുത്ത് നീണ്ടുകിടക്കുന്ന നഗരമധ്യത്തിലൂടെയുള്ള ഓവുചാലില്‍ മലിനജലം തോടുപോലെ ഒഴുകിപ്പോവുന്നു.
എന്നാല്‍ ഇരുവശവും അകവും സിമന്റ്‌കൊണ്ട് കെട്ടിയുണ്ടാക്കിയ ഓവുചാലിന് എവിടെയും സ്ലാബ് ഇട്ട് മൂടിയില്ല. നഗരത്തിലെ ഹോട്ടലുകളില്‍നിന്നും മറ്റു സ്ഥാപനങ്ങളില്‍നിന്നുമുള്ള മലിനജലമാണ് ഇതിലൂടെ കടന്നുപോവുന്നത്. അതിനാല്‍ നഗരമധ്യത്തിലെ പ്രധാന കൊതുകുവളര്‍ത്തു കേന്ദ്രംകൂടിയായി ഈ ഓവുചാല്‍. കൂടാതെ എലി, പെരുച്ചാഴി തുടങ്ങിയ രോഗവാഹകരായ ജീവികളും പെറ്റുപെരുകുന്നതായി പരാതിയുണ്ട്്. കൊതുക് ശല്യം മൂലം ബസ്്‌സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നു യാത്രക്കാര്‍ പറയുന്നു.
ഇവിടെ പല ഭാഗത്തേക്കു പോവുന്നവര്‍ക്കായി പ്രത്യേകം ബസ് ഷെല്‍ട്ടറുകള്‍ ഉണ്ടെങ്കിലും യാത്രക്കാര്‍ ഒരുഭാഗത്ത് കേന്ദ്രീകരിക്കുന്നതും പതിവായിട്ടുണ്ട്. ഓവുചാലിന്്്് സ്ലാബ് ഇല്ലാതായതോടെ സമീപ ഹോട്ടലുകള്‍, തട്ടുകടക്കാര്‍, മറ്റു കച്ചവടക്കാരും പ്രയാസത്തിലാണ്. ഓവുചാലില്‍നിന്നുള്ള ദുര്‍ഗന്ധംമൂലം സമീപത്തൂടെ കാല്‍നടയാത്രപോലും സാധ്യമല്ലാതായി.
മഴക്കാല പൂര്‍വ ശുചീകരണവും ആരംഭിച്ചില്ല. എന്നാല്‍ കഴിഞ്ഞദിവസമുണ്ടായ വേനല്‍മഴ മൂലം ഓവുചാലില്‍ കൂടുതല്‍ മാലിന്യങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. ഓവുചാലുകള്‍ നിര്‍ബന്ധമായും മൂടണമെന്നു നിയമമുണ്ടെങ്കിലും കോര്‍പറേഷന്‍ അധികൃതര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നു പരാതിയുണ്ട്.
Next Story

RELATED STORIES

Share it