Idukki local

ഓളപ്പരപ്പില്‍ വിസ്മയ കാഴ്ചകളൊരുക്കി അശ്വതി

തൊടുപുഴ: വെള്ളക്കെട്ടുകെളയും ജലാശയങ്ങളെയും ഭയാശങ്കയോടെയാണ് പല രക്ഷിതാക്കളും കുട്ടികളും കാണുന്നത്. എന്നാല്‍ മുട്ടം മാത്തപ്പാറ സ്വദേശി രവീന്ദ്രന്‍ ആചാരിയുടെ മകള്‍ അശ്വതിക്ക് വെള്ളമെന്നോ വെള്ളക്കെട്ടെന്നോ ഒക്കെ കേട്ടാല്‍ സന്തോഷമാണ്. വെള്ളത്തില്‍ പൊങ്ങിക്കിടന്ന് പത്രം വായിച്ചും മൊബൈലില്‍ കളിച്ചും സുഹൃത്തുക്കളെയും നാട്ടുകാരെയും വിസ്മയിപ്പിക്കുകയാണ് ഈ 10 വയസ്സുകാരി.
അശ്വതിക്ക് ജലത്തിനു മീതേ നിശ്ചലമായി കിടക്കുന്നത് ഹോബി മാത്രമാണ്. അശ്വതിയുടെ വീട് സ്ഥിതി ചെയ്യുന്നത് മലങ്കര ജലാശയത്തോട് ചേര്‍ന്നാണ്.
രക്ഷിതാക്കള്‍ അലക്കുന്നതിനും കുളിക്കുന്നതിനും മറ്റുമായി ജലാശയത്തിലേക്ക് പോകുമ്പോള്‍ അശ്വതിയേയും ഒപ്പം കൂട്ടുക പതിവായിരുന്നു. അതു കൊണ്ട് തന്നെ വളരെ ചെറുപ്പത്തിലേ വെള്ളവുമായി അടുത്തിടപഴകാനായി.ചെറുപ്പത്തില്‍ തന്നെ നീന്തല്‍ പഠിച്ചു.
നീന്തല്‍ പഠിച്ചെങ്കിലും മകള്‍ വെള്ളത്തില്‍ മിനിറ്റുകളോളം മലര്‍ന്ന് കിടക്കുന്നത് ആദ്യമൊന്നും വലിയ കാര്യമാക്കിയിരുന്നില്ലെന്ന് രവീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ പത്രങ്ങളിലും ടി വി യിലുമൊക്കെ ഇത്തരത്തിലുള്ളവരെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതോടെയാണ് മകളുടെ കഴിവിനെ കുറിച്ച് ബോധ്യമായത്. ചെറുപ്പത്തില്‍ മുതല്‍ തന്നെ അശ്വതിക്ക് യോഗാ പരിശീലനം നല്‍കുന്നുണ്ട്. കൃത്യമായ പരിശീലനത്താല്‍ ഇപ്പോള്‍ ശ്വാസഗതി നിയന്ത്രിച്ച് മണിക്കൂറുകളോളം വെള്ളത്തില്‍ പൊങ്ങി കിടക്കാന്‍ അശ്വതിക്ക് കഴിയും.
എത്ര നേരം വേണമെങ്കിലും അശ്വതിക്ക് വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടന്ന് പത്രം വായിക്കാനും മൊബൈലില്‍ ഗെയിം കളിക്കാനുമൊക്കെ സാധിക്കും. തുടങ്ങനാട് സെന്റ് തോമസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അശ്വതി. യോഗയെ കൂടാതെ ഏതാനും നാളുകളായി കുങ്ഫുവും പരിശീലിക്കുന്നുണ്ട്.വളരെ എളുപ്പത്തില്‍ പഠിക്കാവുന്ന ഒന്നായിട്ടും നീന്തല്‍ വശമില്ലാത്തതിനാല്‍ സ്‌കൂള്‍ കുട്ടികള്‍ അപകടത്തില്‍പ്പെട്ട് മരിക്കുന്നതാണ് അശ്വതിയുടെ സങ്കടം.
നീന്തല്‍ പഠിക്കാതെയാരും വെള്ളക്കെട്ടുകളിലിറങ്ങരുതെന്ന ഉപദേശത്തോടൊപ്പം കൂട്ടുകാരെയെല്ലാം നീന്തല്‍ പഠിപ്പിക്കാമെന്ന വാഗ്ദാനവും അശ്വതി നല്‍കുന്നുണ്ട്. തൊടുപുഴയിലെ സ്വകാര്യ കോളജില്‍ അദ്ധ്യാപികയായ ബിന്ദുവാണ് മാതാവ്.ഏക സഹോദരന്‍ ആദിത്യന്‍ മുട്ടം ഐഎച്ച്ആര്‍ഡി സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ്.
Next Story

RELATED STORIES

Share it