Districts

ഓലഞ്ഞാലിക്കിളിയുടെ കൂടെ, നീലവാലന്‍ വേലിത്തത്തയുടെ പാട്ടുകേട്ട്

കോഴിക്കോട്: ഓലഞ്ഞാലി കിളിയുടെ കൂടെ, നീലവാലന്‍ വേലിത്തത്തയുടെ പാട്ടു കേട്ട്, മീന്‍കൊത്തി ചാത്തനെ കാണാന്‍ കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയിലേക്കു വരുക. ഫോട്ടോഗ്രാഫര്‍ പി ടി മുഹമ്മദിന്റെ കാമറ പകര്‍ത്തിയ നാട്ടുപക്ഷികള്‍ ഇവിടെയുണ്ട്. നമ്മുടെ പക്ഷികള്‍ അന്യംനിന്നുവെന്ന് നാം വിലപിക്കുമ്പോഴാണ് മുഹമ്മദ് ഇവയുടെ സാന്നിധ്യങ്ങളുള്ള ഇടംതേടി 197 പക്ഷികളെ കാമറയില്‍ പകര്‍ത്തി പക്ഷിസ്‌നേഹികള്‍ക്കു കാണാന്‍ ഒരുക്കിയിരിക്കുന്നത്.
കാട്ടികുളം, ഗൂഡല്ലൂര്‍, പന്തല്ലൂര്‍, മാവൂര്‍ കണ്ണിപറമ്പിലെ തീ ര്‍ത്തടം എന്നിവിടങ്ങളില്‍ നിന്നു കണ്ടെത്തിയവയാണ് പ്രദര്‍ശനത്തിലെ പക്ഷികള്‍. ചേര കൊക്കന്റെ കൂടുമുതല്‍ പാതിരാകൊക്കിന്റെ തൂവല്‍ സ്പര്‍ശം വരെ വര്‍ണഘോഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. അപൂര്‍വങ്ങളായ പുള്ളി നെല്ലി കോഴി, ചുവന്ന നെല്ലി കോഴി എന്നീ നിഘണ്ടുവില്‍ നിന്നു പോലും പറന്നുപോയ പക്ഷികളും മുഹമ്മദിന്റെ കാമറയില്‍ ചേക്കേറിയിട്ടുണ്ട്.
കുഞ്ഞുനാള്‍ മുതല്‍ മുഹമ്മദിനെ കിളികളുടെ കൂട്ടിലേക്ക് ആകര്‍ഷിച്ചത് വീട്ടുപരിസരത്തെ കിളികളായിരുന്നു. ഫോട്ടോഗ്രാഫി രംഗത്ത് കാല്‍നൂറ്റാണ്ടു പിന്നിട്ട മുഹമ്മദ് പരിസ്ഥിതി പ്രവര്‍ത്തകനും ഫോട്ടോ ജേര്‍ണലിസ്റ്റും കൂടിയാണ്. നര്‍മ്മദാ സമരം, ചാലിയാര്‍ സമരം, എന്‍ഡോസള്‍ഫാന്‍ സമരം, പ്ലാച്ചിമട സമരം എന്നീ പോരാട്ടങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. നിരവധി ഫോട്ടോഗ്രാഫി അവാര്‍ഡുകളും മുഹമ്മദിനു കിട്ടിയിട്ടുണ്ട്.
മുഹമ്മദിന്റെ കിളികളുടെ ഈ പ്രദര്‍ശനവേദി പക്ഷി നിരീക്ഷണ പാഠശാലയായി മാറുന്നുണ്ട്. ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രഫ. ടി ശോഭീന്ദ്രന്‍, ഡോ. ജാഫര്‍ പാലോട്, അഡ്വ. ഷരീഫ് ഉള്ളത്ത്, ജഗത് മയന്‍ ചന്ദ്രപുരി, സലാം നടുക്കണ്ടി, എം എന്‍ ഗിരി കാക്കനാട്, സുമ പള്ളിപ്രം, ഷമീദ് കാളികാവ് തുടങ്ങിയ പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംസാരിച്ചു. പ്രദര്‍ശനം 15 വരെ തുടരും. 11 മുതല്‍ ആറു വരെയാണ് സമയം.
Next Story

RELATED STORIES

Share it