malappuram local

ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണം; നെല്‍ കര്‍ഷകര്‍ ദുരിതത്തില്‍

എടക്കര: ഓലചുരുട്ടുപ്പുഴുവിന്റെ ആക്രമണംമൂലം നെല്‍കൃഷി കര്‍ഷകര്‍ ദുരിതത്തില്‍. നാമമാത്രമായ നെല്‍കൃഷി കര്‍ഷകരാണ് മേഖലയിലുള്ളത്. ഈ പാടശേഖരങ്ങള്‍ മുഴുവന്‍ ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണംമൂലം നാശത്തിലെത്തി നില്‍ക്കുകയാണ്. കാലാവസ്ഥാ മാറ്റമാണ് നെല്ലിന് കീടബാധയേറാന്‍ കാരണമായി കൃഷിവകുപ്പ് അധികൃതര്‍ പറയുന്നത്. മൂടിക്കെട്ടി നില്‍ക്കുന്ന കാലാവസ്ഥ ഓലചുരുട്ടിപ്പുഴുവിന് അനുകൂലമായ സാഹചര്യമാണ്. വൃശ്ചികമാസമായിട്ടുപോലും മഞ്ഞും, വെയിലും ശരിയായി ലഭിക്കുന്നില്ല.
പല കര്‍ഷകരും നിരവധി തവണ കീടനാശിനി പ്രയോഗം നടത്തിയിട്ടും പുഴുവിന്റെ ആക്രമണത്തിന് കുറവ് വന്നിട്ടില്ല. ഓല പൂര്‍ണമായി നശിക്കുന്നതുമൂലം വിളവ് തീരെ കുറയുകയും ചെയ്യും. പ്രതേ്യകിച്ച് നെല്ല് കതിരിടുന്ന സമയമായതിനാല്‍ ഉല്‍പാദനത്തില്‍ വന്‍ കുറവ് ഉണ്ടാവുമെന്ന് കര്‍ഷകര്‍ പറയുന്നു. എടക്കര പഞ്ചായത്തിലെ മണക്കാട്, നല്ലംതണ്ണി പാടശേഖരങ്ങളിലെ കര്‍ഷകരായ കൂരിക്കാടന്‍ മുഹമ്മദ്, ആനക്കല്ലന്‍ നാരായണി, പ്രകാശ് തുടങ്ങിയവരുടെ നെല്‍കൃഷി ഓലചുരുക്കിപ്പുഴുവിന്റെ ആക്രമണത്തില്‍ വ്യാപക നാശം നേരിട്ടിട്ടുണ്ട്. കൃഷിഭവന്‍ മുഖേന ലഭിച്ച ആതിര എന്ന നെല്‍വിത്താണ് ഇവര്‍ കൃഷി ചെയ്തിട്ടുള്ളത്. നൂറ്റിയിരുപത് ദിവസത്തെ മൂപ്പാണ് ഈ വിത്തിനത്തിനുള്ളത്. കൊറോജന്‍, സെയിം, തക്കുമി തുടങ്ങിയ പച്ച ലേബലുള്ള പുതിയ തരം കീടനാശിനികളാണ് കൃഷിവകുപ്പ് ഓലചുരുട്ടിപ്പുഴുവിനെതിരേ ശിപാര്‍ശ ചെയ്യുന്നത്. ചില കര്‍ഷകര്‍ എക്കാലക്‌സ് ഓലചുരുട്ടിപ്പുഴുവിനെതിരെ പ്രയോഗിക്കുന്നുണ്ട്. എന്നാല്‍, ഇത് ഫലപ്രദമല്ലെന്ന് കൃഷിഭവന്‍ അധികൃതര്‍ പറയുന്നു. മേഖലയിലെ മിക്ക പാടശേഖരങ്ങളിലും ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണം രൂക്ഷമാണ്.
Next Story

RELATED STORIES

Share it