ഓര്‍മയുണ്ടോ ടാബ്ലോയെ?

കെ എം അക്ബര്‍

തിരുവനന്തപുരം: കലോല്‍സവ പ്രേമികളേ നിങ്ങള്‍ക്ക് ടാബ്ലോയെ ഓര്‍മയുണ്ടോ? കര്‍ട്ടന്‍ ഉയരുമ്പോള്‍ കലോല്‍സവ വേദികള്‍ റെയില്‍വേ സ്‌റ്റേഷനും എട്ടുകാലി വലയും ഭൂകമ്പബാധിത മേഖലയുമൊക്കെയായി മാറുന്ന ആ കലാമികവ്. ഏതാനും വര്‍ഷം മുമ്പ്‌വരെ സ്‌കൂള്‍ യുവജനോല്‍സവത്തിലെ ഗ്ലാമര്‍ ഇനമായിരുന്നു ടാബ്ലോ.
അവിശ്വസനീയമായ കാഴ്ചകളായി കുട്ടികള്‍ അനക്കമറ്റ് നില്‍ക്കുന്നതുകണ്ട് അന്ന് സദസ്യര്‍ അന്തംവിട്ടിരുന്നു. അന്നത്തെ മുന്‍നിര കലോല്‍സവ കുത്തക സ്‌കൂളുകള്‍ ലക്ഷങ്ങളായിരുന്നു ഈ പ്രസ്റ്റീജ് മല്‍സരത്തിനു മാത്രം വീശിയെറിഞ്ഞത്. അതിനിടയില്‍ കാര്‍ഡ് ബോഡും മരക്കമ്പുകളുമൊക്കെയെടുത്ത് പാവം സര്‍ക്കാര്‍ നിര്‍ധന സ്‌കൂള്‍ ടീമുകളും വേദിയിലെത്തി അന്ന് ഇഞ്ചോടിഞ്ച് മല്‍സരിച്ചു.
അന്തംവിട്ട കാഴ്ചകള്‍ കുറേയിങ്ങനെ കണ്ടുനില്‍ക്കുമ്പോഴാണ് ചിലരൊക്കെ പിറുപിറുക്കാന്‍ തുടങ്ങിയത്. അല്ല, സാര്‍, ടാബ്ലോക്ക് ആര്‍ക്കാണ് ശരിക്കും സമ്മാനം കൊടുക്കേണ്ടത്? കുട്ടികള്‍ക്കോ കലാസംവിധായകനോ? ഇത്തിരിനേരം അനക്കമറ്റുനിന്നു എന്നല്ലാതെ കുട്ടികള്‍ എന്താണ് സ്‌റ്റേജില്‍ ചെയ്തത്? കൂടുതല്‍ കാശെറിഞ്ഞ് കലാസംവിധായകനെ സംഘടിപ്പിച്ച് ടാബ്ലോക്ക് സെറ്റിടീച്ചാലോ എന്നൊക്കെ ചിന്തിക്കുന്ന വമ്പന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ മല്‍സരത്തില്‍ വിദ്യാര്‍ഥികളുടെ റോളെന്തായിരുന്നു? പിറുപിറുക്കല്‍കൂടി ശക്തമായതോടെ ഇക്കാര്യത്തില്‍ വ്യത്യസ്തമായ തീരുമാനമെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. അങ്ങനെ ടാബ്ലോ എന്ന ഗ്ലാമര്‍ ഇനം കലോല്‍സവ വേദികളില്‍നിന്ന് മണ്‍മറഞ്ഞു പോവുകയായിരുന്നു.
Next Story

RELATED STORIES

Share it