kozhikode local

ഓര്‍മയുടെ ഓളപ്പരപ്പിലൂടെ മുതിര്‍ന്ന പൗരന്‍മാരുടെ ജലയാത്ര

മുക്കം: ചേന്ദമംഗല്ലൂര്‍ സീനിയര്‍ സിറ്റിസന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജലയാത്ര പുതിയ അനുഭവമായി. കളിയും കുളിയും നീന്തി തുടിച്ചും ബാല്യവും യുവത്വവും ചെലവിട്ട പുഴയുടെ ഓളപ്പരപ്പിലൂടെ മനസ്സില്‍ ചെറുപ്പം നിറച്ച് നടത്തിയ ജലയാത്ര ജിവിത സായന്തനത്തില്‍ അവര്‍ക്ക് പുത്തന്‍ അനുഭൂതി സമ്മാനിച്ചു. പ്രായമായപ്പോള്‍ പുഴയില്‍ നിന്നും പുഴയോരങ്ങളില്‍ നിന്നും അകന്നുപോയവര്‍.
വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പുഴക്കരയിലെ കാഴ്ചകള്‍ കണ്ടും പുഴയെ തൊട്ടും കുഞ്ഞലകള്‍ തഴുകി വരുന്ന കുളിര്‍ക്കാറ്റ് ഏറ്റും ഓളപ്പരപ്പിന് മുകളിലൂടെ ദീര്‍ഘദൂരം യാത്ര ചെയ്തപ്പോള്‍ അതവര്‍ക്ക് ഗതകാല സ്മരണകളിലേക്ക് ഉള്ള തിരിച്ചുപോക്ക് മാത്രമായിരുന്നില്ല.ഒപ്പം കളിച്ചും ചിരിച്ചും കൂടെ നടന്ന് തന്നില്‍നിന്ന് അകന്നുപോയ പ്രിയ കൂട്ടുകാരനെ വീണ്ടും കണ്ടുമുട്ടിയ ആഹ്ലാദ നിമിഷങ്ങള്‍ കൂടിയായിരുന്നു. വീടുകളില്‍ മാത്രം ഒതുങ്ങി കൂടിയിരുന്ന ഇവരുടെ മാനസികോല്ലാസവും പഴയ ഓര്‍മ്മ പുതുക്കലും ഒക്കെയായിരുന്നു യാത്രയുടെ ലക്ഷ്യം. പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന അമ്പതോളം പേര്‍. പുഴയോരങ്ങളിലെ പുതിയ കാഴ്ചകള്‍ കാണിച്ചുകൊടുക്കാനും പുഴയെ കുറിച്ചുള്ള പഴങ്കഥകള്‍ പറഞ്ഞു കൊടുക്കാനുമൊക്കെ പലരും തങ്ങളുടെ കൊച്ചുമക്കളെയും കൂട്ടിയായിരുന്നു യാത്ര.
തങ്ങളുടെ വാര്‍ധക്യം പോലും മറന്നു കളിച്ചും ചിരിച്ചും പരസ്പരം വിശേഷങ്ങള്‍ പങ്കുവച്ചും ഊര്‍ക്കടവ് മുതല്‍ എടവണ്ണ വരെ ചാലിയാറിലൂടെ ആയിരുന്നു യാത്ര. പുഴ കാഴ്ചകള്‍ കണ്ട് രാവിലെ തുടങ്ങിയ യാത്ര വൈകുന്നേരത്തോടെയാണ് അവസാനിപ്പിച്ചത്. ഇടയ്ക്ക് ഇരുവഴിഞ്ഞിയുടെ കുതിപ്പും കിതപ്പും ഏറെകണ്ട കെ പി മഹമൂദിന്റെ കവിതാലാപനം കളിതമാശക ള്‍ക്കിടയിലും പലരുടെയും മനസ്സില്‍ നൊമ്പരമുണര്‍ത്തി. ഏറെനാളുകള്‍ക്ക് ശേഷം തങ്ങള്‍ക്ക് ലഭിച്ച ദര്‍ശന സൗഭാഗ്യത്തില്‍ ആഹ്ലാദഭരിതരായിരുന്നു എല്ലാവരും. പരസ്പരം യാത്ര പറഞ്ഞു പിരിയുമ്പോഴും എല്ലാവരും സ്വന്തം മനസ്സില്‍ ഒരിക്കല്‍ കൂടി ഉറപ്പിച്ചു. വീണ്ടും കാണണം ഈ പുഴയും തീരങ്ങളെയും.

Next Story

RELATED STORIES

Share it