wayanad local

'ഓര്‍മമരം' നടുക പരിസ്ഥിതി ദിനത്തില്‍

കല്‍പ്പറ്റ: വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുന്നതിനും വയനാടിന്റെ ഹരിതകവചം വീണ്ടെടുക്കുന്നതിനുമായുള്ള 'ഓര്‍മമരം' പദ്ധതിയുടെ ഭാഗമായി വോട്ടര്‍മാര്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുക ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന്.
വോട്ടെടുപ്പ് ദിനമായ മെയ് 16ന് മരം വിതരണം ചെയ്യുന്നതിനുള്ള കന്നിവോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ നടത്തും. ഇതിനായി 940ഓളം എന്‍എസ്എസ് വോളന്റിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും. ജൂണ്‍ അഞ്ചിന് പോളിങ് ബൂത്തുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിക്കും. തൈവിതരണവും ജൂണ്‍ അഞ്ചിനാണ് നടത്തുക.
കന്നിവോട്ടര്‍മാരുടെ പേരുകള്‍ മരത്തില്‍ തൂക്കിയിടും. നട്ടുപിടിപ്പിക്കുന്ന മരത്തിന്റെ സംരക്ഷണം തുടര്‍പ്രവര്‍ത്തനങ്ങളിലൂടെ ഉറപ്പുവരുത്തും. മരങ്ങള്‍ക്ക് സംരക്ഷണക്കവചവുമുണ്ടാവും. ഇതിനായി ചെലവു കുറഞ്ഞ രീതികള്‍ തേടുകയാണ് ജില്ലാ ഭരണകൂടം. നാലായിരത്തോളം പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന ദിവസം തന്നെ രണ്ടു വീതം തൈകള്‍ വിതരണം ചെയ്യും. കറിവേപ്പും നെല്ലിയുമാണ് നല്‍കുക. വോട്ടര്‍മാര്‍ക്ക് നല്‍കാനായി വനംവകുപ്പ്, സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് വില കൊടുത്തും സൗജന്യമായും ലഭിക്കുന്ന തൈകളാണ് ശേഖരിക്കുന്നത്. വനംവകുപ്പിന്റെ ഇതര മരംനടീല്‍ പ്രവര്‍ത്തനങ്ങള്‍ 'ഓര്‍മമരം' പദ്ധതിയുമായി ഒരുമിപ്പിക്കും. ഇതിനു പുറമെ ജലാശയങ്ങള്‍ വൃത്തിയാക്കല്‍, വിപുലീകരണം, ഉപേക്ഷിക്കപ്പെട്ട ക്വാറികളുടെ ഹരിതവല്‍ക്കരണം എന്നിവയും ഉദ്ദേശിക്കുന്നു.
ഓര്‍മമരം പദ്ധതിയുള്‍പ്പെടെ സ്വീപ് പദ്ധതി ചര്‍ച്ച ചെയ്യാനായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ അബ്ദുല്‍ നജീബ്, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാര്‍, നോര്‍ത്ത് വയനാട് ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരി, ടൂറിസം വകുപ്പ് ഡിഡി സി എന്‍ അനിതകുമാരി, ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി കെ അനൂപ് പങ്കെടുത്തു.
Next Story

RELATED STORIES

Share it