azchavattam

ഓര്‍മകളിലെ ഡോ കരീം സാര്‍

കെ എം അജീര്‍കുട്ടി


കെ എം അജീര്‍കുട്ടി

യശശ്ശരീരനായ കവി പി ടി അബ്ദുറഹ്മാന്‍ മാപ്പിളപ്പാട്ടിന്റെ ഇശലുകളില്‍ എഴുതിയ ഖണ്ഡകാവ്യമാണ് 'കറുത്ത മുത്ത്'. ആ കൃതിക്ക് 'ദ ബ്ലാക്ക് പേള്‍' എന്ന പേരില്‍ ഇംഗ്ലീഷില്‍ ഞാന്‍ ഒരു വിവര്‍ത്തനം തയ്യാറാക്കി. 1997ലാണ് പരിഭാഷ പുറത്തുവന്നത്. ഒരു മാപ്പിള സാഹിത്യകൃതി പൂര്‍ണമായും ആധുനിക ഇംഗ്ലീഷില്‍ ആദ്യമായിട്ടാണ് അങ്ങനെ പ്രസിദ്ധീകരിക്കപ്പെടുന്നത്. അതിന്റെ ഒരു കോപ്പി ഞാന്‍ ഡോ. എന്‍ എ കരീം സാറിന് അയച്ചുകൊടുത്തു. അദ്ദേഹത്തെ എനിക്ക് ഒരു പരിചയവും ഉണ്ടായിരുന്നില്ല. എന്നിട്ടും ഞാന്‍ പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കൂടെ ഒരു ആസ്വാദനക്കുറിപ്പും അദ്ദേഹം അയച്ചുതന്നു. ഇംഗ്ലീഷും മലയാളവും ഒരുപോലെ അനായാസം കൈകാര്യം ചെയ്യുന്ന ആ പണ്ഡിതശ്രേഷ്ഠന്റെ അഭിപ്രായം എനിക്ക് ഏറെ പ്രോല്‍സാഹജനകമായി. അതിനേക്കാള്‍ പ്രധാനം ആ വലിയ മനുഷ്യനുമായി ബന്ധം സ്ഥാപിക്കാനായി എന്നതാണ്.

ആറെസ്പിക്കാരന്‍!
ആര്‍എസ്പിക്കു 'പ്രവാഹം' എന്ന പേരില്‍ ഒരു മുഖപത്രമുണ്ട്. അതിലെ സ്ഥിരം എഴുത്തുകാരനായിരുന്നു ഡോ. എന്‍ എ കരീം. അതിനായിട്ട് അവര്‍ ഒരാളെ സാറിന്റെ വീട്ടിലേക്കയച്ച് ലേഖനം വാങ്ങിച്ചു കൊണ്ടുപോവുമായിരുന്നു. അവസാനകാലത്തെ അവശതയില്‍, ഡിടിപി സെന്ററില്‍ കൊടുത്ത് ടൈപ്പ് ചെയ്യിച്ചിട്ടൊക്കെയാണ് അദ്ദേഹം കൈമാറുക. ഒരു ദിവസം കരീം സാര്‍ എന്നോടു പറഞ്ഞു. 'ഞാന്‍ ഒരു കടുത്ത ആര്‍എസ്പിക്കാരനാണെന്നാണ് അവര്‍ കരുതുന്നത്. കരുതിക്കോട്ടെ!'
ധിഷണാശാലിയും ചിന്താശീലനുമായ ഒരാള്‍ക്ക് ഏതെങ്കിലും ഒരു കക്ഷിയിലോ പ്രസ്ഥാനത്തിലോ അംഗത്വം സ്വീകരിച്ച് ഒതുങ്ങിനിന്നു പ്രവര്‍ത്തിക്കുക അസാധ്യമായിരിക്കും. ആ പ്രതിസന്ധി തന്നെയായിരുന്നു കരീം സാറും അഭിമുഖീകരിച്ചത്. മാറി ചിന്തിക്കുന്നവരോ നോണ്‍കണ്‍ഫോമിസ്റ്റുകളോ ആയിട്ടുള്ളവര്‍ക്ക് ഇടത്തോട്ടോ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരോടോ ഒരു ചായ്‌വ് ഉണ്ടായിരിക്കും. എസ്‌യുസിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും പോപുലര്‍ ഫ്രണ്ടിന്റെയും പ്രസിദ്ധീകരണങ്ങളും വേദികളും കരീം സാറിന് അന്യമാവാതിരുന്നതും അതുകൊണ്ടുതന്നെ.
നീതികേടുകള്‍ക്കും നെറികേടുകള്‍ക്കുമെതിരേ ആ കണ്ഠം ശബ്ദിച്ചു.

ഖുര്‍ആന്‍ പാരായണം
തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ പ്രസിഡന്റായിരുന്നു കരീം സാര്‍. വാര്‍ധക്യകാലത്തെ അസുഖങ്ങളും അവശതകളും കാരണം ഫൗണ്ടേഷനില്‍ വരാനാവാത്തതില്‍ അതീവ ദുഃഖിതനായിരുന്നു അദ്ദേഹം. ട്രസ്റ്റ് ഓഫിസില്‍ ഞാന്‍ അദ്ദേഹത്തെ നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ട്. ഒരു വെള്ളിയാഴ്ച അദ്ദേഹം കുറേ വൈകി വന്നപ്പോള്‍ എവിടെയായിരുന്നുവെന്ന് ഞാന്‍ ചോദിച്ചു. ജുമുഅ നമസ്‌കാരമൊക്കെ കഴിഞ്ഞുവരുകയാണെന്നായിരുന്നു മറുപടി.
വീട്ടില്‍ അദ്ദേഹത്തിന്റെ കിടപ്പുമുറിയിലും പഠനമുറിയിലും നിറയെ പുസ്തകങ്ങളാണ്. പഠനമുറിയിലേക്കുള്ള വാതിലിനരികെ ഭിത്തിയോടു ചേര്‍ന്നുകിടക്കുന്ന മേശയില്‍ ഒരു പുസ്തകം-അല്ലാമാ അബ്ദുല്ലാ യൂസുഫ് അലിയുടെ വിശ്രുതമായ 'ഇംഗ്ലീഷ് ഖുര്‍ആന്‍ തര്‍ജമയും വിവരണവും'.
'സാര്‍, ഖുര്‍ആന്‍ നോക്കാറുണ്ടോ?' ഞാന്‍ ചോദിച്ചു.
'എല്ലാ ദിവസവും അതിരാവിലെ തന്നെ ആദ്യമേ ഖുര്‍ആന്‍ വായിക്കും'- അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക ബോധവും ചിന്തയും പഠനവും അദ്ദേഹത്തിനുണ്ടായിരുന്നുവെങ്കിലും കക്ഷിത്വങ്ങളില്‍ കുടുങ്ങി ശ്വാസം മുട്ടുന്നതോ മുട്ടിക്കുന്നതോ ആയ ഇസ്‌ലാം ആചരണം ഉണ്ടായിരുന്നില്ല.

പ്രസംഗവേളകളില്‍
കുറച്ചു വര്‍ഷം മുമ്പ് കൊല്ലത്ത് ബിഷപ് ജെറോം നഗറില്‍, സോളിഡാരിറ്റിയുടേതാണെന്നാണോര്‍മ, ഒരു പരിപാടിയില്‍ സംബന്ധിക്കാന്‍ കരീം സാര്‍ വന്നു. പ്രസംഗകനായി  ഡോ. ഡി ബാബുപോളുമുണ്ട്. അദ്ദേഹത്തിന്റെ ഊഴം കഴിഞ്ഞായിരുന്നു കരീം സാറിന്റെ പ്രസംഗം. നീട്ടിപ്പരത്തിയും തമാശ രൂപേണയും ഏറെ സമയമെടുത്താണ് ബാബുപോള്‍ പ്രസംഗിച്ചത്. കരീം സാറിന്റെ ഊഴമായപ്പോഴേക്കും മഗ്‌രിബിന്റെ സമയമെത്തി. ശ്രോതാക്കള്‍ ഏതാണ്ടെല്ലാവരും തന്നെ നമസ്‌കാരത്തിനായി പിരിഞ്ഞു. സാറിന് പ്രസംഗം അവസാനിപ്പിക്കേണ്ടിയും വന്നു. പിന്നീട് കരീം സാര്‍ എന്നെ കണ്ടപ്പോള്‍, 'ഈ ബാബുപോള്‍ എവിടെപ്പോയാലും കുറേ വളിപ്പുകളും പറഞ്ഞ് സമയം കവരും. അതിനിടയിലാണ് കുറേ 'നിക്കാരക്കാരും!' എന്നു ചൊടിച്ചു പറഞ്ഞു. നമസ്‌കാരം ഇവര്‍ക്കെന്താ ജംഅ് ആക്കിക്കൂടായിരുന്നോ എന്നൊരു സംശയം സാറിന്റെ ആ വിമര്‍ശനത്തിലുണ്ടായിരുന്നില്ലേ?
വര്‍ക്കലയില്‍ ടി എ മജീദ് സ്മാരകത്തില്‍ യുവകലാ സാഹിതിയുടെ ഒരു യോഗം. എന്‍ എ കരീമാണ് മുഖ്യപ്രഭാഷകന്‍. അദ്ദേഹം പ്രസംഗം തുടങ്ങി. അതങ്ങനെ പതുക്കെ ഉയര്‍ന്നു. പിന്നെ ഒരു പ്രവാഹമായിരുന്നു. അങ്ങനെ കത്തിനില്‍ക്കുമ്പോള്‍ അതാ, അന്നത്തെ ഇടതുസര്‍ക്കാരില്‍ മന്ത്രിയായിരുന്ന സ. സി ദിവാകരന്‍. മന്ത്രിക്കു വേഗം മടങ്ങേണ്ടതുണ്ടെന്ന മട്ടില്‍ സംഘാടകര്‍ കരീം സാറിനെ 'കാര്യം' ധരിപ്പിക്കുന്നു. 'കാരി ഓണ്‍' എന്ന് മന്ത്രി ഔചിത്യം കാണിക്കാന്‍ ശ്രമിച്ചെങ്കിലും സാറിനതു മനസ്സിലായില്ല. അദ്ദേഹം വേഗം പ്രസംഗം അവസാനിപ്പിച്ചു. മന്ത്രിയുടെ ഇടപെടല്‍ പ്രസംഗത്തിനുശേഷം സാറിനെ പിന്നെയും സംസാരിക്കാന്‍ ക്ഷണിച്ചുവെങ്കിലും അത് അത്രകണ്ടു ശരിയായില്ല. മന്ത്രിയാവട്ടെ മടങ്ങാതെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു! ഒരു ചടങ്ങിനുവേണ്ടി മാത്രമായി പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ കാട്ടിക്കൂട്ടുന്ന വിക്രിയകളേ!

അവതാരിക!
തെക്കുംഭാഗം മോഹന്റെ ഒരു പുസ്തകത്തിന് അവതാരിക എഴുതണമെന്ന അഭ്യര്‍ഥനയുമായി ഒരാള്‍ കരീം സാറിനെ സമീപിച്ചു. എന്‍ എ കരീമിന്റെ രാഷ്ട്രീയ-സാമൂഹിക നിലപാടുകളോട് യോജിക്കാത്ത, വലതുപക്ഷ ഹൈന്ദവതയുടെ വക്താവ് എന്നു പറയാവുന്ന ആളാണ് തെക്കുംഭാഗം മോഹന്‍. അങ്ങനെയുള്ള ഒരാളുടെ പുസ്തകത്തിന് സാറ് അവതാരിക എഴുതിയാല്‍ എങ്ങനെയായിരിക്കും?
അവതാരിക എഴുതിയിട്ടുണ്ട്. അതു വാങ്ങാന്‍ ചെന്ന ആളിനോട് കരീം സാര്‍ പറഞ്ഞു: 'ഞാന്‍ അവതാരിക എഴുതിയിട്ട് അതു പ്രസിദ്ധപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ എനിക്ക് വിഷമമില്ല!' ഡോ. എന്‍ എ കരീമിന്റെ അവതാരികയോടു കൂടി ആ പുസ്തകം പുറത്തിറങ്ങിയോ എന്ന് അറിയില്ല.
ഡോ. പി കെ പോക്കര്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ 'ടാഗൂര്‍ പഠനങ്ങള്‍' എന്ന പേരില്‍ ഒരു പുസ്തകം സമാഹരിച്ച് സംശോധനം ചെയ്തിറക്കാന്‍ എന്നെ ചുമതലപ്പെടുത്തി. രവീന്ദ്രനാഥടാഗൂറിന്റെ വിദ്യാഭ്യാസ വീക്ഷണത്തെക്കുറിച്ച് ഒരു ലേഖനത്തിനായി ഞാന്‍ ഡോ. എന്‍ എ കരീമിനെ സമീപിച്ചു. ഉജ്ജ്വലമായ ഒരു ലേഖനം തന്നുവെന്നു മാത്രമല്ല, ടാഗൂര്‍ സാഹിത്യത്തിലും സമ്പ്രദായങ്ങളിലും നിഷ്ണാതരായിരുന്ന വെള്ളനാട്ടെ മിത്രനികേതന്‍ സ്ഥാപകന്‍ കെ വിശ്വനാഥനിലേക്കും ഡോ. ജി രാമചന്ദ്രനിലേക്കും എന്നെ പറഞ്ഞുവിട്ടതും കരീം സാറായിരുന്നു.

സാംസ്‌കാരിക സ്‌കിസോഫ്രീനിയ
എം ഗോവിന്ദന്റെ പ്രശസ്തമായ 'സമീക്ഷ'യ്ക്ക് അടുത്തകാലത്ത് ഒരു പുനര്‍ജന്മമുണ്ടായി- കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഇ വി ശ്രീധരന്റെ പത്രാധിപത്യത്തില്‍. 2005 ജൂണ്‍ മുതല്‍ 2006 മെയ് വരെ തിരുവനന്തപുരത്തു നിന്നാണത് പ്രസിദ്ധപ്പെടുത്തിയത്. അതിലേക്ക് ഒരു ലേഖനം ആവശ്യപ്പെട്ടപ്പോള്‍ സവിശേഷമായ താല്‍പര്യത്തോടെയായിരുന്നു പ്രതികരണം. 'സാംസ്‌കാരിക സ്‌കിസോഫ്രീനിയ' എന്ന ലേഖനം അങ്ങനെയാണ് പുറത്തുവരുന്നത്.
മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ പ്രസിദ്ധപ്പെടുത്താനിടയില്ലാത്തതും എന്നാല്‍, സാമൂഹിക പുരോഗതിയെ സഹായിക്കുന്നതുമായ നിരവധി വിഷയങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ അപ്രകാശിത ലേഖനങ്ങളും റേഡിയോ പ്രഭാഷണങ്ങളും സമാഹരിച്ച് പുസ്തകങ്ങളാക്കിയാല്‍ അവ ഒരു പിടിയുണ്ടാവും. പ്രമുഖ പത്രപ്രവര്‍ത്തകന്‍ നിഖില്‍ ചക്രവര്‍ത്തിയുമായുള്ള സൗഹൃദം മാത്രമായിരുന്നില്ല 'മെയിന്‍സ്ട്രീം' പോലൊരു വാരികയില്‍ ലേഖനമെഴുതാന്‍ ഡോ. എന്‍ എ കരീമിനെ പ്രേരിപ്പിച്ചത്.
അവസാനകാലത്ത് 'ചന്ദ്രിക' വീക്കിലിയില്‍ ഡോ. എന്‍ എ കരീം എഴുതിവന്ന 'കാലഘട്ടത്തിന്റെ കൈയൊപ്പ്' എന്ന ആത്മകഥാപരമായ രചന പല നിലകളില്‍ ശ്രദ്ധേയമായിരുന്നു. അതിന്റെ ഒരു സംശോധിത പതിപ്പ് പുറത്തിറക്കുന്നത് സാംസ്‌കാരിക കേരളത്തിന് മുതല്‍ക്കൂട്ടായിരിക്കും. സുദീര്‍ഘവും അര്‍ഥപൂര്‍ണവുമായ ഒരു ജീവിതകാലം മുഴുവന്‍ നിരവധി വ്യക്തികളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളുമായി സഹകരിച്ചും സഹവര്‍ത്തിച്ചും ജീവിച്ച ഡോ. എന്‍ എ കരീം എത്രയെത്ര ഓര്‍മകളില്‍ എത്രയെത്ര വിധത്തില്‍ പുനര്‍ജനിക്കാനിരിക്കുന്നു! ി
Next Story

RELATED STORIES

Share it