Middlepiece

ഓര്‍മകളിലെ അബ്ദുറഹീം



കെ  പി  കുഞ്ഞിമൂസ

ഉമ്മയുടെ വാല്‍സല്യത്തില്‍ പൊതിഞ്ഞ വാക്കുകളും കണ്ണുനീരും മനസ്സില്‍ സൂക്ഷിച്ചുകൊണ്ടായിരുന്നു പന്തക്കലകത്തെ അബ്ദുറഹീം ദുബയിലേക്കു പറന്നത്. സത്യവും ആത്മാര്‍ഥതയും കഠിനാധ്വാനവും മുഖമുദ്രയാക്കിയ അബ്ദുറഹീമിനെ വഞ്ചകനായ പാകിസ്താനി അമീനുല്ലാഖാന്‍ കുടുക്കിയപ്പോള്‍ ദുബയ് ജയിലില്‍ കിടക്കേണ്ടിവന്നു. സത്യത്തിന്റെ തുറമുഖത്തുനിന്ന് മണലാരണ്യത്തിലെത്തിയപ്പോഴുള്ള ദുരനുഭവങ്ങള്‍ പുഞ്ചിരിയോടെ നേരിട്ട അബ്ദുറഹീം ജോസഫ് റോഡിലെ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്സ്ഥാനത്തിരിക്കെ കണ്ണടച്ചപ്പോഴും താന്‍ നേതൃത്വം നല്‍കിയ ഒട്ടനവധി സേവനസംഘടനകളുടെ തലോടലേറ്റ കണ്ണംപറമ്പ് ശ്മശാനത്തില്‍ അന്ത്യവിശ്രമത്തിനെത്തിയപ്പോഴും ആയിരങ്ങളാണ് യാത്രാമൊഴി ചൊല്ലിയത്. ദുബയിലെ അറബിക്കടയില്‍ വിലപിടിച്ച സാധനങ്ങളുടെ സ്റ്റോക്ക് കാവല്‍ക്കാരനായിരുന്നു അബ്ദുറഹീം. രാത്രി ജോലി കഴിഞ്ഞാല്‍ റഹീമിന്റെ ഹാസ്യപ്രകടനങ്ങള്‍ ആസ്വദിക്കാന്‍ എല്ലാവരും ഒത്തുചേരും. സ്റ്റോക്കില്‍ കൃത്രിമത്വം കാണിച്ച് അറബിയെ വഞ്ചിച്ച പാകിസ്താനിയെ അബ്ദുറഹീം ശരിക്കും കൈകാര്യം ചെയ്തു. പകയും വിദ്വേഷവും പാകിസ്താനിയുടെ മനസ്സില്‍ നിന്ന് മാഞ്ഞില്ല. സൗദിയിലേക്ക് വിസ ശരിയായപ്പോള്‍ അറബിയുടെ അടുത്ത് ചെന്ന് സന്തോഷമറിയിച്ച അബ്ദുറഹീമിനെ പാകിസ്താനി കടുത്ത വഞ്ചനയിലൂടെ ജയിലിലാക്കി. മൂന്നു നാളത്തെ ജയില്‍വാസം കോഴിക്കോട് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് സുവനീറില്‍ റഹീം രേഖപ്പെടുത്തിവച്ചു.പിന്നീട് നാഴികകള്‍ താണ്ടി ഉപജീവനം തേടി സൗദി അറേബ്യയിലെ ദമ്മാമിലെത്തിയവരുടെ നേതാവായി അബ്ദുറഹീം സംഘടനാരംഗത്ത് സജീവമായി. കലയിലും സാഹിത്യത്തിലും കായികവിനോദങ്ങളിലും സാമൂഹിക സേവനത്തിലും തല്‍പരരായവരെ കൂട്ടിയോജിപ്പിച്ച തിളങ്ങുന്ന കണ്ണിയായി അബ്ദുറഹീം മാറി.കഠിനാധ്വാനത്തിന്റെ കൈപ്പൊരുത്തവും ആത്മാര്‍ഥതയുടെ തിളക്കവും അബ്ദുറഹീമില്‍ കണ്ടെത്തിയ ദമ്മാമിലെ കോഴിക്കോട്ടുകാര്‍ അറേബ്യയും മലയാളക്കരയുമായുള്ള ബന്ധത്തിന്റെ നൂറ്റാണ്ടുകളുടെ പഴമ രേഖപ്പെടുത്താന്‍ അബ്ദുറഹീമിനെ ചുമതലപ്പെടുത്തി. ഗള്‍ഫ് മലയാളികളുടെ പ്രിയങ്കരനായ അബ്ദുറഹീം തന്റെ തട്ടകമായ കോഴിക്കോട് വിപ്ലവകരമായ പരിവര്‍ത്തനത്തിന് തുടക്കമിട്ടു. ചിരിയരങ്ങുകളില്‍ പ്രധാന കഥാപാത്രമായി റഹീം നിറഞ്ഞുനിന്നു. മാപ്പിളപ്പാട്ടും കൈകൊട്ടിക്കളിയും റഹീമിന് വഴങ്ങി.അനാഥ പെണ്‍കുട്ടികളുടെ വിവാഹം, അവശരായ രോഗികള്‍ക്ക് ചികില്‍സ, പാവപ്പെട്ടവരുടെ വീട് കെട്ടിമേയല്‍, ഓണത്തിനും പെരുന്നാളിനും അരി വിതരണം, പ്രായാധിക്യംകൊണ്ട് അവശതയനുഭവിക്കുന്നവര്‍ക്ക് സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൊക്കെ അബ്ദുറഹീം വളരെ സജീവമായി. സിയസ്‌കോ ബുള്ളറ്റിന്‍ മുതല്‍ യുവസാഹിതിയുടെ തെക്കേപ്പുറം ടൈംസ് വരെ അബ്ദുറഹീം ഏറ്റെടുത്തു. സംവാദങ്ങളില്‍ അബ്ദുറഹീം ഒന്നാമനായി. വിനയത്തിന്റെയും സൗഹൃദത്തിന്റെയും തിളങ്ങുന്ന തെളിവുകളായി പരിചയപ്പെട്ടവരുടെ മനസ്സില്‍ അബ്ദുറഹീം കോറിയിട്ട കൊച്ചുകൊച്ചു അടയാളങ്ങള്‍ ഒരിക്കലും മരിക്കില്ല. പുസ്തകങ്ങള്‍ അബ്ദുറഹീമിന്റെ ഇഷ്ടതോഴരാണ്. ലൈബ്രറികള്‍ റഹീമിന്റെ ഇടത്താവളവും. ഒറ്റവാക്കില്‍ പറഞ്ഞാല്‍ തെക്കേപ്പുറത്തിന്റെ മുഖശ്രീയായിരുന്നു അബ്ദുറഹീം.
Next Story

RELATED STORIES

Share it