ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം

കായംകുളം: കറ്റാനം കട്ടച്ചിറയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ. തുടര്‍ന്ന് ജില്ലാ കലക്ടറുടെ അനുമതിയോടെ പ്രദേശത്ത് പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ 7 മണിയോടെയാണ് ഇരുവിഭാഗവും തമ്മില്‍ തര്‍ക്കവും വാക്കേറ്റവും രൂക്ഷമായത്. ഇതിനിടയില്‍ ഒരു വിഭാഗം കെപി റോഡില്‍ ഉപരോധം സൃഷ്ടിച്ചതോടെ റോഡ് ഗതാഗതം തടസ്സപ്പെട്ടു.
തര്‍ക്കം നിലനില്‍ക്കുന്ന കട്ടച്ചിറ പള്ളിയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യാക്കോബായ വിഭാഗമാണ് പള്ളിയുടെ ഉടമസ്ഥാവകാശം കൈവശം വച്ചിരിക്കുന്നത്. പള്ളിയില്‍ പ്രവേശിക്കുന്നതിനു സുപ്രിംകോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതായി ഓര്‍ത്തഡോക്‌സ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വൈദികരും വിശ്വാസികളും ഇന്നലെ രാവിലെ പള്ളിയില്‍ പ്രവേശിക്കാന്‍ സംഘടിച്ച് എത്തിയതോടെയാണ് പ്രശ്‌നം രൂക്ഷമായത്.
തുടര്‍ന്ന് പോലിസ് ഇടപെട്ട് ഇവരെ തടഞ്ഞു. ഇതിനിടയില്‍ ഒരു സംഘം വിശ്വാസികള്‍ പള്ളിക്കുള്ളില്‍ കയറിയതും പ്രശ്‌നം രൂക്ഷമാക്കി. ഇവരെ പിന്നീട് മറ്റൊരു വഴിയിലൂടെ പുറത്തെത്തിച്ചു. സ്ഥലത്ത് പോലിസ് രാത്രിയും ക്യാംപ് ചെയ്യുകയാണ്. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്നു പള്ളി താല്‍ക്കാലികമായി പൂട്ടുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it