ഓര്‍ഡിനന്‍സ് വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍: കെ കെ ശൈലജ

ന്യൂഡല്‍ഹി: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ വിദ്യാര്‍ഥികളെ ചതിച്ചതിനാലാണ് അവരെ സംരക്ഷിക്കാനായി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഓര്‍ഡിനന്‍സ് നിയമവിരുദ്ധമാണെന്ന് ഇന്നലെ സുപ്രിംകോടതി നിരീക്ഷിച്ച സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സീറ്റുകളുടെ കാര്യത്തില്‍ 50ഃ50 എന്ന അനുപാതമായിരുന്നു കാലങ്ങളായി സ്വാശ്രയ കോളജ് പ്രവേശനകാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും മാനേജ്‌മെന്റുകളും നിലനിര്‍ത്തിപ്പോന്നിരുന്നത്. കഴിഞ്ഞ തവണ 20 കോളജുകള്‍ ഈ കരാറില്‍ ഒപ്പുവച്ചിട്ടും കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ മാത്രം അതിനു തയ്യാറായില്ല. തുടര്‍ന്ന്, ഈ കോളജുകള്‍ സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തുക വഴി വിദ്യാര്‍ഥികളെ ചതിക്കുകയായിരുന്നു. ഇവരുടെ ഭാവി അനിശ്ചിതത്വത്തിലായതോടെ പ്രതിപക്ഷത്തിന്റെ കൂടി ആവശ്യപ്രകാരമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും മന്ത്രി ശൈലജ പറഞ്ഞു.
ഓര്‍ഡിനന്‍സ് അടുത്ത ദിവസം സഭയില്‍ വരാനിരിക്കുകയാണ്. ഇതിനിടയിലുണ്ടായ സുപ്രിംകോടതിയുടെ നിരീക്ഷണം വിലയിരുത്തിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it