ഓര്‍ഡിനന്‍സ് നിയമവിരുദ്ധമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ പ്രവേശന നടപടികള്‍ റദ്ദാക്കിയ വിധി മറികടക്കാനായി പ്രത്യേകം  ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച സംസ്ഥാന സര്‍ക്കാരിനു സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നു നിരീക്ഷിച്ച കോടതി, ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യുമെന്ന മുന്നറിയിപ്പും നല്‍കി.
വിദ്യാര്‍ഥികളുടെ പേരില്‍ നിയമലംഘനം നടത്താന്‍ മാനേജ്‌മെന്റുകള്‍ക്കു സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിഷയത്തില്‍ കോടതി സംസ്ഥാന സര്‍ക്കാരില്‍ നിന്നു വിശദീകരണം തേടിയിട്ടുണ്ട്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ)യുടെ ചട്ടങ്ങള്‍ ലംഘിച്ച് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ 2016-17 അധ്യയന വര്‍ഷത്തേക്ക് നടത്തിയ പ്രവേശന നടപടികള്‍ കഴിഞ്ഞ വര്‍ഷമാണ് സുപ്രിംകോടതി റദ്ദാക്കിയത്.
വിഷയത്തില്‍ പുനഃപരിശോധനാ ഹരജിയും തള്ളിയതോടെയാണ് കോടതി ഉത്തരവ് മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഓര്‍ഡിനന്‍സ് കൂടുതല്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ തിരിച്ചയക്കുകയായിരുന്നു. ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് എംസിഐയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it