ഓര്‍ക്കുക, മാധ്യമപ്രവര്‍ത്തകരും മനുഷ്യരാണ്

അവകാശങ്ങള്‍  നിഷേധങ്ങള്‍ -  അംബിക
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആറു മാധ്യമപ്രവര്‍ത്തകരാണ് ഇന്ത്യയില്‍ കൊല്ലപ്പെട്ടത്. സത്യസന്ധമായ നിലപാടും സാമൂഹിക പ്രതിബദ്ധതയും പുലര്‍ത്തി എന്ന ഒറ്റക്കാരണത്താലാണ് അവര്‍ക്ക് അവരുടെ ജീവന്‍ നഷ്ടപ്പെട്ടത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ ആഘാതത്തില്‍ നിന്ന് നമ്മളില്‍ പലരും ഇനിയും മുക്തരായിട്ടില്ല. നിരന്തരം വേട്ടയാടലുകള്‍ക്ക് അവര്‍ ഇരകളാക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. മുഖ്യമന്ത്രി പിണറായിയുടെ 'കടക്ക് പുറത്ത്' കുട്ടികള്‍ക്കിടയിലെ ഒരു കളിവാക്കാണ് ഇന്ന്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വേണു ബാലകൃഷ്ണനെതിരേ കേസെടുത്തത് ഈയടുത്താണ്. ഇപ്പോള്‍ കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ മരണങ്ങള്‍ പോലും ആഘോഷിക്കപ്പെടുന്നു.
നിരവധി പേര്‍ സ്വന്തം ജീവന്‍ പോലും അപകടത്തിലാവും എന്നറിഞ്ഞുകൊണ്ട് ധൈര്യത്തോടെ ഏറ്റെടുക്കുന്ന ജോലിയാണ് മാധ്യമപ്രവര്‍ത്തനം. ആദ്യകാലം മുതല്‍ക്കേ ലോകത്തെല്ലായിടത്തും അതങ്ങനെയായിരുന്നു എന്നതാണു ചരിത്രം. യുദ്ധമുഖത്തും പ്രകൃതിക്ഷോഭങ്ങളിലും ജനകീയ പ്രക്ഷോഭങ്ങളിലുമെല്ലാം ജോലിയോടുള്ള അര്‍പ്പണ മനോഭാവംകൊണ്ട് പൊലിഞ്ഞുപോയ മാധ്യമപ്രവര്‍ത്തകര്‍ നിരവധിയാണ്. കേരളത്തില്‍ കാലവര്‍ഷക്കെടുതി റിപോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകരുടെ ഉള്ളിലെന്നും നീറുന്ന ഓര്‍മയാണ് വിക്ടര്‍ ജോര്‍ജ് എന്ന ഫോട്ടോഗ്രാഫര്‍. അദ്ദേഹത്തോടൊപ്പം തന്നെ മാധ്യമപ്രവര്‍ത്തകരുടെ ഉള്ളില്‍ നീറുന്ന ഓര്‍മയായി മാറിയവരാണ് കഴിഞ്ഞയാഴ്ച കോട്ടയം കടുത്തുരുത്തി കല്ലറയിലെ കരിയാറില്‍ വള്ളം മറിഞ്ഞ് മരിച്ച മാതൃഭൂമി ചാനല്‍ പ്രാദേശിക ലേഖകന്‍ കടുത്തുരുത്തി നിവാസി സജിയും ഡ്രൈവര്‍ തിരുവല്ല സ്വദേശി ബിബിന്‍ ബാബുവും.
കാലവര്‍ഷക്കെടുതിയും ദുരിതാശ്വാസ ക്യാംപിലായവരുടെ അവസ്ഥയും റിപോര്‍ട്ട് ചെയ്യാനായാണു സംഘം എത്തിയത്. കാറ്റിലുലഞ്ഞ വഞ്ചി മറിഞ്ഞ് ഇരുവരെയും ഒഴുക്കില്‍ നഷ്ടപ്പെട്ടു. കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ നടക്കുമ്പോള്‍ പ്രബുദ്ധ കേരളത്തിലെ സോഷ്യല്‍ മീഡിയ ഇവരുടെ ദുരന്തം ആഘോഷമാക്കുകയായിരുന്നു. ചിലര്‍ ഈ മരണത്തെ ദൈവം, വരമ്പത്ത് കൂലികൊടുത്തതായാണു ചിത്രീകരിച്ചത്; മാതൃഭൂമി, എസ് ഹരീഷ് എന്ന എഴുത്തുകാരന്റെ 'മീശ' എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിലുള്ള കോപത്തില്‍ ദൈവം പണിയും കൂലിയും കൊടുത്തതാണത്രേ. അതാണ് അവരുടെ ആഹ്ലാദത്തിനു ഹേതു. മറ്റൊരു കൂട്ടര്‍ക്ക് ഇടതുപക്ഷ സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനം ചിത്രീകരിക്കാന്‍ അനാവശ്യമായി പോയതിന് കിട്ടിയ ശിക്ഷയാണ്. ഇനിയുമുണ്ട് വേറൊരു കൂട്ടര്‍. അവര്‍ പറയുന്നത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലെ വീഴ്ച ജനങ്ങളെ അറിയിക്കാനുള്ള തത്രപ്പാടില്‍ കിട്ടിയ ശിക്ഷയാണിതെന്നാണ്.
മാധ്യമപ്രവര്‍ത്തനമെന്നാല്‍ വികസനവാര്‍ത്തകള്‍ മാത്രം ജനങ്ങളിലെത്തിക്കലാണെന്ന ധാരണ പലരും വച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍, ഒരു പ്രദേശത്തിന്റെ പിന്നാക്കാവസ്ഥ ജനങ്ങളിലും അധികാരികളിലും എത്തിക്കുന്നതും അതിലൂടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുന്നതിന് സമൂഹത്തെ സഹായിക്കുന്നതും മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.
ദുരിതാശ്വാസ ക്യാംപിലെ അവസ്ഥ ജനങ്ങളെയും അധികൃതരെയും സത്യസന്ധമായി അറിയിക്കാനായിരുന്നു അവരുടെ യാത്ര. ചിലരെങ്കിലും അനാവശ്യ സാഹസികതയായി ഇതിനെ ചിത്രീകരിച്ചുകണ്ടു. അങ്ങനെയുള്ള ചില സന്ദര്‍ഭങ്ങള്‍ ഒരുപക്ഷേ, ഉണ്ടായിട്ടുണ്ടാവാം. വെള്ളപ്പൊക്കത്തിന്റെ രൂക്ഷത ലൈവ് ആയി കാണിക്കാനായി കഴുത്തോളം വെള്ളത്തില്‍നിന്നുള്ള റിപോര്‍ട്ടിങ് പോലെ. പക്ഷേ, മാതൃഭൂമി റിപോര്‍ട്ടര്‍മാരുടെ റിപോര്‍ട്ടിങ് അത്തരത്തിലുള്ളതായിരുന്നില്ല. തീര്‍ച്ചയായും വെള്ളത്തില്‍ മുങ്ങിയുള്ള ലൈവ് പോലുള്ള സാഹസങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക തന്നെ വേണം. കൂടാതെ വേണ്ടത്ര കരുതലോടെയും ജാഗ്രതയോടെയും ജോലി ചെയ്യാന്‍ ശ്രമിക്കുകയും വേണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് ജാഗരൂകരാവേണ്ടത്.
സോഷ്യല്‍ മീഡിയ ജീവികള്‍ മറന്നുപോവുന്ന ചില കാര്യങ്ങളുണ്ട്. മാധ്യമപ്രവര്‍ത്തകരും ചെയ്യുന്നത് അവരുടെ ജോലിയാണ്. ഇവരുടെ സ്വപ്‌നങ്ങളോടൊപ്പം കുടുംബങ്ങളുടെ പ്രതീക്ഷകളും ആശ്രയവുമാണു നഷ്ടമായിരിക്കുന്നത്. ജോലിക്കിടെ മരണം വരിക്കേണ്ടിവന്നവരോടുള്ള മലയാളിയുടെ മനോഭാവം നാം എവിടെ നില്‍ക്കുന്നു എന്നു സൂചിപ്പിക്കുന്നു.
ഒരു കാര്യം കൂടി സൂചിപ്പിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. വിവിധ മാധ്യമങ്ങളിലെ പ്രാദേശിക ലേഖകരും റിപോര്‍ട്ടര്‍മാരും ഫോട്ടോഗ്രാഫര്‍മാരുമടങ്ങുന്ന നിരവധി പേരുടെ കഠിനാധ്വാനവും ത്യാഗവുമുണ്ട് മുഖ്യധാരയിലേക്ക് പല പ്രധാന വിഷയങ്ങളുമെത്തുന്നതിനു പിന്നില്‍. പല മാധ്യമങ്ങളിലെയും പ്രമുഖരായ പത്രപ്രവര്‍ത്തകരെ മാത്രമാണ് ജനങ്ങള്‍ അറിയുക. ന്യൂസ് മുറികളിലേക്കും ഡെസ്‌ക്കിലേക്കുമെല്ലാം വാര്‍ത്തകളെത്തിക്കുന്ന, ഇപ്പോള്‍ ജീവന്‍ പൊലിഞ്ഞ സജിയെയും ബിബിന്‍ ബാബുവിനെയും പോലുള്ളവരുടെ പ്രയത്‌നവും നാം അറിയേണ്ടതുണ്ട്. അവരെയും അംഗീകരിക്കേണ്ടതുണ്ട്. സൈബര്‍ പോരാളികളോട് ഒരു വാക്ക്: മാധ്യമപ്രവര്‍ത്തകരും മനുഷ്യരാണ്; അവരുടെ മരണത്തെയെങ്കിലും പരിഹസിക്കാതിരിക്കുക!
Next Story

RELATED STORIES

Share it